കോഴിക്കോട്: ഭിന്നശേഷിക്കാരായ ദമ്പതികളെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം നടത്താൻ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശം നൽകി.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. കുന്നമംഗലം പഴയ സ്റ്റാൻഡിൽ മാനന്തവാടിയിൽ നിന്നെത്തിയ ഇരുകാലുകളും ഇല്ലാത്ത ഖാദർ, ഭാര്യ ഭിന്നശേഷിക്കാരിയായ ഫാത്തിമ എന്നിവർക്കാണു ദുരനുഭവം.
വ്യാഴാഴ്ച രാത്രി എട്ടോടെ പഴയ ബസ് സ്റ്റാൻഡിൽ അവശരായി കിടക്കുകയായിരുന്നു ഖാദറും ഫാത്തിമയും.
പൊതുപ്രവർത്തകൻ നൗഷാദ് തെക്കെയിൽ ഇരുവരോടും സംസാരിച്ചപ്പോൾ താമസ സൗകര്യം ലഭിച്ചാൽ വരാൻ തയാറാണെന്നറിയിച്ചു.
തുടർന്നു നൗഷാദ് കലക്ടർ ഉൾപ്പെടെ പലരെയും ഫോണിൽ വിളിച്ചു. കലക്ടർ നിർദേശിച്ചതനുസരിച്ചു ജില്ലാ സാമൂഹിക നീതി ഓഫിസറെ ബന്ധപ്പെട്ടെങ്കിലും ഇവരെ കിടത്താനുള്ള സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു മറുപടി.
ഇതിനിടെ കുന്നമംഗലം ഹെൽത്ത് ഓഫിസർ ഡോ.ഹസീന കരീം, ഹെൽത്ത് ഇൻസ്പെക്ടർ സി.പി.സുരേഷ് ബാബു എന്നിവർ ആംബുലൻസ് ഏർപ്പാടാക്കി.
ഡോ.ഹസീനയുടെ നിർദേശപ്രകാരം ഡോ.കെ.വി.സിബി ബീച്ച് ആശുപത്രിയിലേക്കു റഫർ ചെയ്ത കത്തും കൊടുത്തു വിട്ടു.
എന്നാൽ, ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളജിലും ഇവരെ പ്രവേശിപ്പിച്ചില്ല. അതോടെ ആംബുലൻസ് ഡ്രൈവർ ഇവരെ എന്ത് ചെയ്യണമെന്നറിയാതെ കുഴപ്പത്തിലായി.
കയറ്റിയ സ്ഥലത്തുതന്നെ ഇറക്കിയാൽ മതിയെന്നു ദമ്പതികൾ ആവശ്യപ്പെട്ടതനുസരിച്ചു പുലർച്ചെ 2ന് ഇരുവരെയും കുന്നമംഗലം സ്റ്റാൻഡിൽ തിരിച്ചെത്തിച്ചു.
തുടർന്ന്, ഭിന്നശേഷിക്കാർക്ക് നീതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നൗഷാദ് പരാതി നൽകുകയായിരുന്നു.