ഓട്ടിസം: മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തും

ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാരന്റ് എംപവർമെന്റ് പ്രോഗ്രാം നടത്തുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിനായി ഈ വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

‘ഓട്ടിസം; നവപരിപ്രേക്ഷ്യങ്ങൾ’ സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

ഓട്ടിസം സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുന്നതിനും, ഓട്ടിസം ബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും സാമൂഹിക സ്വീകാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.

മലപ്പുറത്ത് നടത്തിയ പാരന്റ് എംപവർമെന്റ് പ്രോഗ്രാമിന്റെ പൈലറ്റ് പദ്ധതി വിജയകരമായിരുന്നു. ഇതേ മാതൃകയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. അശാസ്ത്രീയമായ പരിശീലനങ്ങൾക്ക് ഒരിക്കലും മാതാപിതാക്കൾ കുട്ടികളെ വിധേയരാക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ നാലിടങ്ങളിൽ അസിസ്റ്റീവ് വില്ലേജുകൾ തുടങ്ങുന്നതിന് ശുപാർശ നൽകി കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ഇതിന്റെ പ്രാഥമിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് അവരെ സുരക്ഷിതമായി ഏൽപ്പിച്ചുപോകാൻ കഴിയുന്ന ഒരിടമായിരിക്കും അസിസ്റ്റീവ് വില്ലേജ്.

ആരോഗ്യ സുരക്ഷ, നൈപുണ്യവികസനം, തെറാപ്പി സൗകര്യങ്ങൾ, തൊഴിൽ ഉല്പാദനപരമായ പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊണ്ടുകൊള്ള പുനരധിവാസ ഗ്രാമങ്ങളാണ് അസിസ്റ്റീവ് വില്ലേജുകൾക്കൊണ്ട് ഉദ്ദേശിക്കുന്നത്.

നിലവിൽ നിഷിലും, നിപ്മറിലും ഓട്ടിസം ബാധിതരായ കുട്ടികളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്നുണ്ട്.

സാമൂഹ്യ സുരക്ഷാ മിഷന്റെ ഭാഗമായിട്ട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, മഞ്ചേരി മെഡിക്കൽ കോളജുകളിലും കോഴിക്കോട് ഇംഹാൻസിലും ഓട്ടിസം സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഈ കേന്ദ്രങ്ങളിൽ ഓട്ടിസം സ്‌ക്രീനിംഗ്,വിവിധ തെറാപ്പികൾ, പരിശീലനങ്ങൾ,കൗൺസിലിംഗ്, വൈദ്യസഹായം തുടങ്ങി്യവയെല്ലാം ലഭ്യമാക്കുന്നുണ്ട്.

ശിശുരോഗവിദഗധർ, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എജുക്കേറ്റർ, സോഷ്യൽ വർക്കർ തുടങ്ങിയവരുടെ എല്ലാം സേവനവും ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓട്ടിസം ബാധിതരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുവേണ്ടി സർക്കാരിന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ശില്പശാലയുടെ ഭാഗമായി ഉയർന്നുവരണം.

ഓട്ടിസം ബാധിതരായ കുട്ടികളെ സ്‌നേഹപൂർവ്വം ചേർത്തുപിടിക്കാനും സവിശേഷ പിന്തുണ നൽകിക്കൊണ്ട് ആത്മവിശ്വാസത്തോട സ്വയംപര്യാപ്തമായി ജീവിക്കാൻ സന്നദ്ധരാക്കാനും കഴിയണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

ചൈത്രം ഹോട്ടലിൽ നടന്ന ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു.

സോഷ്യൽ സെക്യൂരിറ്റീസ് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷിബു. എ, കെയുഎച്ച്എസ് മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ, സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസ് പ്രോഗ്രാം മാനേജർ സഹീറുദ്ദീൻ എസ്, ഓട്ടിസം ബാധിതരായ കുട്ടികളുടെ മാതാപിക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button