തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കേരളത്തിലെ ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും സര്‍ക്കാര്‍ സര്‍വീസിലുള്ള ഭിന്നശേഷി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ നീതിയും വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദുവിന് ഭിന്നശേഷി കൂട്ടായ്മ നിവേദനങ്ങള്‍ നല്‍കി.
പ്രളയം, കോവിഡ് 19 മഹാമാരി എന്നിവ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ കുടുംബപരവും സാമൂഹ്യപരവും തൊഴില്‍പരവുമായ മേഖലകളിലെല്ലാം തന്നെ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇതിന്റെ വ്യാപ്തി മനസിലാക്കി ഈ പ്രയാസങ്ങളില്‍ നിന്നും 21 വിഭാഗം ഭിന്നശേഷിക്കാര്‍ക്കും കരകയറുന്നതിനുള്ള സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2004 നുശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലികമായി ജോലി ചെയ്ത ഭിന്നശേഷിക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കുക, സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ഏകീകരിച്ച് സേവന വേതന വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുക, സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷി ജീവനക്കാര്‍ക്ക് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഭിന്നശേഷിക്കാര്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി കൂട്ടായ്മ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ വി.കെ, വൈസ് പ്രസിഡന്റ് ബേബികുമാര്‍ ബി, ജോയിന്റ് സെക്രട്ടറി സുജീന്ദ്രന്‍ കെ എന്നിവര്‍ പങ്കെടുത്തു.