ഭിന്നശേഷിക്കാർക്കും കാഴ്‌ചപരിമിതർക്കും ലിഫ്‌റ്റും ടോയ്‌ലെറ്റും ഉൾപ്പെടെ പ്രത്യേക സംവിധാനങ്ങൾ സ്കൂൾ കെട്ടിടത്തിന്റെ മുഴുവൻ നിലകളിലും ഒരുക്കിയാലേ അഫിലിയേഷൻ പുതുക്കി നൽകൂവെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സി.ബി.എസ്.ഇ.
താഴത്തെ നിലയിൽ സംവിധാനങ്ങൾ ഒരുക്കാമെന്ന സ്‌കൂൾ മാനേജ്മെന്റുകളുടെ നിർദ്ദേശം അംഗീകരിച്ചാണിത്. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാകണമെന്ന നയത്തിന്റെ ഭാഗമായാണ് സ്‌കൂളുകളിലും പ്രത്യേകസൗകര്യങ്ങൾ ഒരുക്കാൻ നാലുവർഷം മുമ്പ് സി.ബി.എസ്.ഇ നിർദ്ദേശിച്ചത്.
ഭിന്നശേഷി കുട്ടികളില്ലാത്ത സ്കൂളുകളിലും മുഴുവൻ നിലകളിലും ലിഫ്‌റ്റ്, റാമ്പ്, ടോയ്‌ലെറ്റ് തുടങ്ങിയവ ഒരുക്കുന്നത് വൻസാമ്പത്തിക ബാദ്ധ്യതയായിരുന്നു.താഴത്തെ നിലയിൽ മുഴുവൻ സംവിധാനങ്ങളും നിർമ്മിക്കാമെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ സി.ബി.എസ്.ഇയെ അറിയിച്ചിരുന്നു.
പുതിയ നിർദ്ദേശങ്ങൾ
പ്രത്യേക സൗകര്യങ്ങൾ താഴത്തെ നിലയിൽ മാത്രം മതി
വീൽച്ചെയറിനായി റാമ്പ് നിർബന്ധം
വീൽച്ചെയർ, വാക്കർ എന്നിവ ഉപയോഗിക്കാവുന്ന വലിപ്പത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ
ശാരീരിക വൈകല്യമുള്ളവർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ തറയോടുകൾ വിരിക്കണം
ടോയ്‌ലെറ്റിലേക്കുള്ള വഴിയിൽ ഹാൻഡ് റെയിലുകൾ സ്ഥാപിക്കണം
മുകൾനിലയിലെ മുറികളിൽ ഭിന്നശേഷിക്കാർ പഠിക്കുന്നുണ്ടെങ്കിൽ ലിഫ്‌റ്റുകൾ സ്ഥാപിക്കണം
ലിഫ്റ്റുകൾക്ക് നിശ്ചിത വലിപ്പവും നിറവുമുണ്ടാകണം
അംഗീകൃത ദിശാസൂചികകൾ സ്ഥാപിക്കണം