ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു

ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്.

ഭിന്നശേഷിക്കാരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അവര്‍ക്കുവേണ്ടി പര്യാപ്തമായ തുക ബജറ്റില്‍ നീക്കിവയ്ക്കുകയോ പദ്ധതികള്‍ നടപ്പാക്കുകയോ ചെയ്യുന്നില്ല.

ഓരോ വര്‍ഷം കഴിയുമ്പോഴും ഈ വിഭാഗത്തിനായി നീക്കിവയ്ക്കുന്ന തുക വെട്ടിക്കുറയ്ക്കുകയാണെന്നും ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 2.8 കോടി ഭിന്നശേഷിക്കാരാണുള്ളത്. ശ്രീലങ്കയിലെയും ഓസ്ട്രേലിയയിലെയും ആകെ ജനസംഖ്യക്കു സമാനമാണിത്.

അതുകൊണ്ടു തന്നെ ഇത്രയും വലിയ വിഭാഗത്തിന് ഉപജീവനം സ്വയം കണ്ടെത്തുക എന്നത് സാധ്യമല്ലെന്നും ഇവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

2011ലെ സെന്‍സസില്‍ ഏഴ് അംഗവൈകല്യങ്ങളെയാണ് പട്ടികയില്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ നിരന്തരമുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തില്‍ 21 വൈകല്യങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.

രാജ്യത്ത് ഭിന്നശേഷിക്കാരുടെ എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്ത് ഇവരുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാണ് 2016ല്‍ നിയമനിര്‍മ്മാണം നടത്തിയത്.

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റി (സിആര്‍പിഡി) 2019ല്‍ കേന്ദ്ര സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഭിന്നശേഷിക്കാര്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്നും, യഥാര്‍ത്ഥ ആവശ്യങ്ങള്‍ പരിഗണിച്ച് ഫണ്ട് നല്‍കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്.

സമീപ വര്‍ഷങ്ങളിലായി ആകെ ബജറ്റ് തുകയുടെ 0.2 മുതല്‍ 0.5 ശതമാനം വരെയാണ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവയ്ക്കുന്നത്.

ഈ ചാഞ്ചാട്ടത്തിനു കാരണം രാജ്യത്ത് ആകെയുള്ള ഭിന്നശേഷിക്കാരുടെ യഥാര്‍ത്ഥ കണക്ക് അറിയാത്തതുകൊണ്ടാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് കേന്ദ്രത്തിനോ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ അടിസ്ഥാന മാര്‍ഗരേഖകളില്ല.

രാജ്യത്ത് ഭിന്നശേഷിക്കാര്‍ക്കുള്ള വിഹിതം വര്‍ധിക്കുന്നതിനേക്കാള്‍ നിശ്ചലമാകുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ചില മുൻ‌ഗണനാ മേഖലകളിൽ, വിഹിതം കുറയുകയും ചെയ്തു.

ഭിന്നശേഷിക്കാര്‍ക്കുള്ള എല്ലാ പദ്ധതികളുടെയും വിഹിതം വെട്ടിച്ചുരുക്കുന്ന പ്രവണതയാണ് 2020ല്‍ കാണാന്‍ കഴിഞ്ഞതെന്ന് സെന്റര്‍ ഫോര്‍ ബജറ്റ് ഗവര്‍ണന്‍സ് അക്കൗണ്ടബിലിറ്റി (സിബിജിഎ) പറയുന്നു.

ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍, കൃത്രിമാവയവങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും നാഷണല്‍ ഹാന്‍ഡികാപ്പ്ഡ് ഫിനാന്‍സ് ആന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും ഇതേ നിലപാടാണ് തുടര്‍ന്നത്.

ഭിന്നശേഷി വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ 2020–21 സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ 21–22ല്‍ 154 കോടിയുടെ ഇടിവാണ് ഉണ്ടായത്.

കോവിഡിനെയും ലോക്ഡൗണിനെയും തുടര്‍ന്ന് അടിയന്തര വൈദ്യ സഹായത്തിന്റെയും പതിവ് ആശുപത്രി പരിചരണത്തിന്റെയും അഭാവത്തിലാണ് തുക വെട്ടിക്കുറച്ചതെന്നതും ശ്രദ്ധേയമാണ്.

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. 2020–21ല്‍ 360 കോടിയാണ് ഇവയ്ക്ക് അനുവദിച്ചതെങ്കില്‍ 21–22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 319 കോടിയായി ചുരുങ്ങി.

ബ്രെയ്‌ലി പ്രസ്സുകള്‍ക്കായി 2018–19ല്‍ 10 കോടിയും അടുത്ത വര്‍ഷം എട്ട് കോടിയും അനുവദിച്ചു. എന്നാല്‍ അതുകഴിഞ്ഞുള്ള രണ്ട് വര്‍ഷങ്ങളിലും ഇതിനായി ഒരു രൂപ പോലും അനുവദിച്ചില്ല.

ഈ കാലയളവില്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ്, റിസര്‍ച്ച് ആന്റ് ട്രെയിനിങ് സെന്ററിനും ഫണ്ടൊന്നും അനുവദിച്ചില്ല.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് റീഹാബിലിറ്റൈസേഷന് 2019–20 വര്‍ഷത്തില്‍ 20 കോടിയാണ് അനുവദിച്ചതെങ്കില്‍ അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ഒന്നും അനുവദിച്ചില്ല. ബജറ്റ് വിഹിതത്തിലും വന്‍ ഇടിവാണ് ഉണ്ടായത്.

2019–20ല്‍ ഭിന്നശേഷി വകുപ്പിന് 315 കോടിയാണ് അനുവദിച്ചതെങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ ഇത് 252, 210 കോടിയായി ചുരുങ്ങി.

ദേശീയ മാനസികാരോഗ്യ പദ്ധതിയ്ക്കായി അനുവദിച്ച 40 കോടിയില്‍ നിന്ന് ഈ വര്‍ഷം വര്‍ധനവൊന്നും ഉണ്ടായില്ല.

ഭിന്നശേഷികാര്‍ക്കുള്ള ഇന്ദിരാ ഗാന്ധി നാഷണല്‍ ഡിസബിലിറ്റി പെന്‍ഷന്‍ പദ്ധതിയ്ക്കായുള്ള ബജറ്റ് വിഹിതത്തിലും നേരിയ വര്‍ധനവ് പോലും ഉണ്ടായില്ല.

ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് നിയമ നിര്‍മ്മാണം നടത്തിയിട്ടു പോലും അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നില്ല എന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഭിന്നശേഷികാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തടയുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button