പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി

തൃശൂർ: സംസ്ഥാനത്തെ പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാര്‍ ഓഫീസുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും. ഇതിനായി 600 കോടിയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി പുതുതായി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭിന്നശേഷി പുനരധിവാസ രംഗത്ത് ദി സെന്റര്‍ ഓഫ് എക്‌സലന്റ് എന്ന സ്ഥാനപ്പേര് നേടിയ കല്ലേറ്റുംകരയിലെ NIPMR ഇന്ത്യയിലെ മികച്ച തെറാപ്പി സെന്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ ചികിത്സയും അനുബന്ധ സേവനങ്ങളുമാണ് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നല്‍കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാര്‍ദ്ദയിടമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ബഡ്ജറ്റില്‍ 100 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ശരീരികമായും മാനസികമായും പിന്തുണ ആവശ്യമായ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹാര്‍ദ്ദമായി മാറ്റുന്ന പോലെ തന്നെ പൊതുയിടങ്ങളും ഭിന്നശേഷി സൗഹാര്‍ദ്ദമായി മാറേണ്ടതുണ്ട്. എല്ലാ മേഖലയിലും ഭിന്നശേഷി ശക്തീകരണം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ പുതുതായി ആരംഭിച്ച വെര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള മോട്ടോര്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അഡ്വാന്‍സ് ന്യുറോ ഫിസിയോ തെറാപ്പി, ഇന്‍സ്ട്രുമെന്റ് ഗേറ്റ് ആന്റ് മോഷന്‍ അനാലിസിക് ലാബ്, വീല്‍ ട്രാസന്‍സ് പ്രൊജക്റ്റ്, പോട്ടറി ആന്റ് സിറാമിക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ, മുന്‍ എം എല്‍ എ കെ യു അരുണന്‍ മാസ്റ്റര്‍, സാമൂഹ്യ നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ്, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ പി എച് അസ്ഗര്‍ഷ, NIPMR ജോയിന്റ് ഡയറക്ടര്‍ സി ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version