സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതി മുഖേന കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികളുടെ തുടർ പരിപാലനം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇതു കൃത്യമായി തുടരുന്നുവെന്ന് ഉറപ്പാക്കുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.
ഇക്കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ അനുയാത്ര-കാതോരം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഓഡിറ്ററി വെർബൽ തെറാപ്പി സെന്ററും ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികളുടേയും രക്ഷകർത്താക്കളുടേയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശ്രവണപരിമിതി നേരിടുന്ന കുട്ടികൾക്കു കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തി ഏറ്റവും മികച്ച ശ്രവണ സഹായി വിതരണം ചെയ്യാനുള്ള പദ്ധതി രാജ്യത്തുതന്നെ ആദ്യം നടപ്പാക്കിയതു കേരളത്തിലാണ്.
സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. കേൾവി പരിമിതി നേരിടുന്ന നിരവധി കുട്ടികളെ സാധാരണഗതിയിലുള്ള ആശയ വിനമയം നടത്താൻ പാകത്തിൽ ഒരുക്കിയെടുക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനകരമാണ്.
പദ്ധതികളുടെ ആരംഭം മുതൽ തുടരുന്ന എല്ലാ വിധ നിലപാടുകളും ഇടപെടലുകളും സാമൂഹ്യനീതി വകുപ്പ് തുടർന്നും നൽകും. മറിച്ചുള്ള യാതൊന്നുമുണ്ടാകില്ല.
കേരള സർക്കാരിന്റെ അഭിമാന പദ്ധതിയാണിത്. ഇത് ഏറ്റവും മികച്ച നിലയിൽ തുടരാനും കോക്ലിയാർ ഇംപ്ലാന്റേഷനു ശേഷം ആവശ്യമുള്ള തുടർ പ്രവർത്തനങ്ങൾ കൃത്യമായി നൽകാനും സർക്കാരിന്റെ എല്ലാ സംവിധാനങ്ങളുമുണ്ടാകും – മന്ത്രി പറഞ്ഞു.
ശ്രവണപരിമിതി നേരിടുന്നവർക്ക് വ്യാഖ്യാതാവിനെ ഉപയോഗിച്ചു കോഴ്സുകൾ കൊടുക്കുന്നതനുള്ള സൗകര്യങ്ങൾ കൂടുതലായുണ്ടാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്.
73 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിറ്ററി വെർബൽ തെറാപ്പി സെന്റർ തിരുവനന്തപുരം മെഡിക്കൽ കോളജി ആരംഭിക്കുന്നത്.
ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ച് സംസ്ഥാനത്തുടനീളം ഇത്തരം കേന്ദ്രങ്ങൾ തയാറാക്കണമെന്നാണു കരുതുന്നത്.
ഏർലി ഡിറ്റക്ഷൻ, ഏർലി ഇന്റർവെഷൻ സംവിധാനങ്ങൾ പരമാവധി കേന്ദ്രങ്ങളിൽ ഒരുക്കാൻ കഴിയുകയെന്നതു പ്രധാനമാണ്. ഇതു പ്രത്യേക ലക്ഷ്യമായിക്കണ്ടു മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
അനുയാത്ര – കാതോരം പദ്ധതിയുടെ ഭാഗമായി കേൾവി പരിമിതിയുള്ള കുട്ടികൾക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചു കേൾവി-സംസാര -ഭാഷാ പരിശീലനം നൽകുന്നതാണ് ഓഡിറ്ററി വെർബൽ തെറാപ്പി സെന്ററുകൾ.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലും (നിപ്മർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലുമുള്ള(നിഷ്) ഓഡിറ്ററി വെർബൽ തെറാപ്പി സേവനമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സജ്ജീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ ഡി.ആർ. അനിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ എ. ഷിബു, മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. കലാ കേശവൻ തുടങ്ങിയവർ പങ്കെടുത്തു.
ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികളുടെ പരിപാടികളിൽ മികവുകാട്ടിയവർക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.