ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ നിർമാണം പൂർത്തിയായി

മട്ടന്നൂർ∙ സാമൂഹിക നീതി വകുപ്പിന് കീഴിൽ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ആരംഭിക്കുന്ന ‘മോഡേൺ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ’ കെട്ടിടം പണി പൂർത്തിയായി.

ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായാണ് മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ നിർമിക്കുന്നത്. ഉദ്ഘാടനം ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കും.

മട്ടന്നൂർ പഴശ്ശിയിൽ 3.5 കോടി ചെലവിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ 3 നില കെട്ടിടം പൂർത്തിയാക്കിയത്. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെയും ഷെൽട്ടൽ ഹോം ആണ് ഇത്.

ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനം, സുരക്ഷിതത്വം എന്നിവ മുൻനിർത്തി 2016ൽ ആണ് റീഹാബിലിറ്റേഷൻ സെന്റർ നിർമാണം ആരംഭിച്ചത്.

കെ.കെ.ശൈലജ എംഎൽഎ മന്ത്രി ആയിരുന്ന സമയത്ത് മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. നഗരസഭ വിട്ടു നൽകിയ സ്ഥലത്താണ് സെന്റർ വരുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു നിർമാണച്ചുമതല.

ജില്ലയിൽ പലയിടങ്ങളിലും ബഡ്സ് സ്കൂളുകളും സ്പെഷൽ സ്കൂളുകളും ഉണ്ടെങ്കിലും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് എല്ലാ മേഖലകളിലും പരിചരണവും ശ്രദ്ധയും ലഭിക്കുന്ന ജില്ലയിലെ തന്നെ ആദ്യ കേന്ദ്രമാകും പഴശ്ശിയിലേത്.

എൻഐപിഎംആർ. (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ) മാതൃകയിലുള്ള സ്ഥാപനമാക്കി പുനരധിവാസ കേന്ദ്രത്തെ വളർത്തിയെടുക്കാനാണ് ശ്രമം.

റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരസഭയുടെ പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിന്റെ പ്രവർത്തനം ഇവിടേക്ക് മാറ്റും.

ഇവിടെ ആരംഭിക്കുന്ന പ്രധാന സേവനങ്ങൾ 

ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി, സ്പെഷൽ എജ്യൂക്കേഷൻ, റമഡിയൽ ട്രെയ്നിങ്, ക്ലിനിക്കൽ സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, സെൻസറി ഇന്റഗ്രേഷൻ, വൊക്കേഷണൽ ട്രെയ്നിങ്, ഹൈഡ്രോ ട്രെയ്നിങ്.

കടപ്പാട്: മലയാള മനോരമ

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button