കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വീടുകളിലെത്തി വാക്സിനേഷൻ ലഭ്യമാക്കണമെന്നു. ഭിന്നശേഷി കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജന്മനാ ശാരീരികമായി പലതരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് പ്രതിരോധശേഷി കുറവാണ്. പരസഹായമില്ലാതെ നിത്യവൃത്തികൾ ചെയ്യാൻ കഴിയാതെ വീടുകളിൽ കഴിയുന്നവരുമാണ്.
പ്രത്യേക പരിഗണനാ വിഭാഗത്തിൽപെടുന്നവർക്ക് വാക്സിൻ വിതരണ കേന്ദ്രത്തിൽ എത്തിച്ചേരാൻ സാമ്പത്തികച്ചെലവും ഇതോടൊപ്പം രോഗം പകരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ ബൗദ്ധിക ഭിന്നശേഷി വിഭാഗത്തിൽപെടുന്നവരെ പരസഹായത്തോടെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിയുക. ഈ യാത്ര രക്ഷിതാവിനും കുട്ടിക്കും ഒരുപോലെ പ്രയാസമാണ്.
വിവിധതരം അസുഖങ്ങളാലും അപകടങ്ങളാലും ശരീരം തളർന്നവർ അടക്കം ആയിരക്കണക്കിന് പേർ കിടപ്പു രോഗികളും ചക്രക്കസേരയെ ആശ്രയിക്കുന്നവരും ആണ്.
നിലവിൽ കിടപ്പുരോഗികൾക്ക് വീടുകളിൽ വാക്സിനേഷനുള്ള സൗകര്യങ്ങൾ പഞ്ചായത്തുകൾ മുൻകൈയെടുത്ത് നടന്നുവരുകയാണ്. ഇതോടൊപ്പം ഭിന്നശേഷി വിഭാഗക്കാരെയും കണ്ടെത്തി വാക്സിൻ ലഭ്യമാക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം.
കോമഡി മഹാമാരിയെത്തുടർന്നു ഭിന്നശേഷിക്കാർ നേരിടുന്ന പ്രയാസങ്ങൾ പഠിച്ചു ആവശ്യമായ സഹായ പദ്ധതികൾ രൂപീകരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇമ്പാക്ട് സ്റ്റഡി നടത്തുന്നതിന് 10 ലക്ഷം രൂപ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെലവഴിച്ചിരുന്നു.
നാളിതുവരെയായി പഠനം പൂർത്തിയാക്കി സഹായ പദ്ധതികൾ പ്രഖ്യാപിക്കാത്തതിൽ ഭിന്നശേഷി കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി.