മെഡിക്കൽ ബോർഡുകൾ ചേരാൻ വൈകുന്നു; ഭിന്നശേഷിക്കാർക്ക് ദുരിതം

മലപ്പുറം: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ബോർഡുകൾ സമയബന്ധിതമായി ചേരാത്തത് 20,000ത്തിലധികം വരുന്ന ഭിന്നശേഷിക്കാർക്ക് ദുരിതമാകുന്നു. ഇതുമൂലം ഡിസബിലിറ്റി സർട്ടിഫിക്കറ്റ്,​ യുഡിഐഡി കാർഡ് എന്നിവ ലഭിക്കാനും പുതുക്കാനും കഴിയുന്നില്ല.

ഭിന്നശേഷിക്കാർക്കുള്ള പല ആനുകൂല്യങ്ങളും നഷ്ടപ്പെടാൻ ഇടയാക്കുന്നുണ്ട്. ഓർത്തോ, സൈക്യാട്രി, ഇഎൻടി, ജനറൽ ഫിസിഷ്യൻസ് തുടങ്ങി ഏഴംഗ ഡോക്ടർമാരുടെ പാനൽ ഓരോ മാസവും ചേർന്നാണ് ഡിസബിലിറ്റി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. സ്കൂൾ പ്രവേശന സമയയത്ത് ഭിന്നശേഷി കുട്ടികൾക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിനായി താലൂക്ക് ആശുപത്രികളിൽ എത്തുമ്പോൾ കൃത്യമായ മറുപടിയും ലഭിക്കുന്നില്ല.

ഭിന്നശേഷി കുട്ടികൾക്ക് പഞ്ചായത്തുകളിൽ നിന്ന് ഒരുവർഷം 28,000 രൂപ സ്കോളർഷിപ്പായി ലഭിക്കും. പ്രത്യേക സ്കോളർഷിപ്പുമുണ്ട്. ഭിന്നശേഷിക്കാർക്കുള്ള പെൻഷനടക്കം വിവിധ കാര്യങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ സർക്കാർ ആശുപത്രികളിൽ നിന്നുള്ള ഐക്യു സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മഞ്ചേരി മെഡിക്കൽ കോളേജ്,​ തിരൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മാത്രമാണ് ഇതിന് സംവിധിനമുള്ളത്. ഈ ആശുപത്രികളിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ് ഐ.ക്യു പരിശോധന നടത്തി ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ഒരുവർഷം മുമ്പ് സമർപ്പിച്ച അപേക്ഷകൾ അടക്കം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്.

സർക്കാർ,​ സന്നദ്ധ സംഘടനകളുടെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുമ്പോൾ മെഡിക്കൽ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്. കുട്ടികൾക്ക് 18 വയസ് പൂർത്തിയായാൽ പുതിയ സർട്ടിഫിക്കറ്റ് എടുക്കണം.

രോഗ തീവ്രത കൂടിവരുന്ന അവസ്ഥയിലുള്ളവർക്ക് അഞ്ചുവർഷം കൂടുമ്പോഴും സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. ഒരു താലൂക്ക് ആശുപത്രിയിലും മാസം ശരാശരി 100 പേർ‌ ഡിസബിലിറ്റി സർട്ടിഫിക്കറ്റുകൾക്കായി എത്താറുണ്ട്. ചികിത്സാ രേഖകൾ, റേഷൻ കാർഡ്, ആധാർ എന്നിവയാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ വേണ്ടത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button