ഭിന്നശേഷി സൗഹൃദ വഴി തുറക്കുന്നു; വീൽചെയർ, റാംപ് ഉറപ്പാക്കും
പുതിയ നിയമത്തിൻറെ കരട് കേന്ദ്രം തയാറാക്കി
ന്യൂഡൽഹി: രാജ്യത്തെ ഗതാഗത-യാത്രാ മാര്‍ഗങ്ങളില്‍ കൂടുതല്‍ ഭിന്നശേഷി സൗഹൃദ സംവിധാനമൊരുക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം. ബസുകളിലും മെട്രോ ട്രെയിനുകളിലും വീല്‍ചെയറിന് പ്രത്യേക ഇടം നിര്‍ബന്ധമായും ഒരുക്കണമെന്ന് കരടുനിര്‍ദേശങ്ങളില്‍ പറയുന്നു.
വാഹനം ബുക്ക് ചെയ്യുന്നതു മുതൽ യാത്രചെയ്യുന്നതു വരെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, വാഹനങ്ങളുടെ ഡിസൈൻ തുടങ്ങി ഗതാഗത ശൃംഖല ഉടനീളം ഭിന്നശേഷിസൗഹാർദമാക്കുന്ന മാറ്റങ്ങളാണ് നിർദേശിക്കുന്നത്.
ബസുകളിലും മെട്രോകളിലും നിർബന്ധിത വീൽചെയർ സ്ഥലം, സ്റ്റേഷനുകളിൽ സ്റ്റെപ്പ് ഫ്രീ ടോയ്ലറ്റുകൾ, ലവൽ ബോർഡിങ് റാമ്പുകൾ, വായു, റെയിൽ, റോഡ് ഗതാഗത മേഖലകളിലെല്ലാം ഭിന്നശേഷി ആളുകളെ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ജീവനക്കാർ തുടങ്ങിയവ ഉറപ്പാക്കും.
മാര്‍ഗനിര്‍ദേശങ്ങളില്‍ പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ തേടിയിട്ടുണ്ട്. വ്യവസ്ഥകളില്‍ ഭൂരിഭാഗവും നിര്‍ബന്ധമായും നടപ്പാക്കേണ്ട വിഭാഗത്തിലുള്ളവയാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച 2016-ലെ നിയമം അനുസരിച്ചാണ് വ്യവസ്ഥകള്‍ തയ്യാറാക്കിയത്.
പ്രധാന നിർദേശങ്ങൾ
• കേന്ദ്ര പദ്ധതികൾ പ്രകാരം വാങ്ങുന്ന എല്ലാ പുതിയ ബസുകളിലും ലോഫ്ലോർ എൻട്രി റാംപുകൾ, സുരക്ഷാ ബെൽറ്റുകൾ, പ്രത്യേക വീൽചെയർ സ്ഥലം എന്നിവ ഉൾപ്പെടുത്തണം.
• നിലവിൽ സർവീസ് ചെയ്യുന്ന ഇത്തരം ബസുകൾ ലിഫ്റ്റുകളോ ബ്രിജ് റാംപുകളോ ഉപയോഗിച്ച് പുതുക്കിപ്പണിയും. ഓരോ ബസിലും കുറഞ്ഞത് 4 മുൻഗണനാ സീറ്റുകളെങ്കിലും ഏർപ്പെടുത്തും.
• മെട്രോ, റെയിൽവേ പ്ലാറ്റ് ഫോമുകളിൽ റബ്ബർ ഗ്യാപ് ഫില്ലറുകളും ബോർഡിങ് റാംപുകളും നിർമിക്കണം. കൂടാതെ വീൽചെയറുകൾ ഉള്ളിലേക്ക് കടക്കുംവിധം കോച്ചുകളുടെ വാതിലുകളും സീറ്റുകൾക്കിടയിലെ ഇടനാഴികളും വീതി കൂട്ടണം.
• ദീർഘദൂര ട്രെയിനുകളിൽ വീൽചെയർ കയറ്റാവുന്ന ഒരു കോച്ച് നിർബന്ധമാക്കും. ഈ കോച്ചിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേകം ശുചിമുറിയും നിർമിക്കണം.
• വിമാനത്താവളങ്ങളിൽ പാർക്കിങ് മുതൽ ചെക്ക്-ഇൻ വരെ സ്റ്റെപ്പ് ഫ്രീ ആക്സസ്, റോൾ ഔട്ട് റാമ്പുകളുള്ള എയ്‌റോ ബ്രിഡ്‌ജുകൾ, വിമാനങ്ങളിൽ വീൽചെയർ-സൗഹൃദ ഇരിപ്പിടങ്ങൾ എന്നിവ വേണം.
• റജിസ്റ്റർ ചെയ്തിട്ടുള്ള ടാക്സി സർവീസുകൾ വാഹന നിരയിൽ വീൽചെയർ കയറ്റാനാവുന്ന വാഹനങ്ങളും ഉൾപ്പെടുത്തണം. കൂടാതെ ഡ്രൈവർമാർക്ക് ഭിന്നശേഷിയുള്ള ആളുകളെ സഹായിക്കാനായി പരിശീലനം നൽകുകയും വേണം.