ഭിന്നശേഷി സർഗോത്സവം: ലോഗോ പ്രകാശനം ചെയ്തു

തൃശൂർ: 19 മുതൽ 21 വരെ തിരുവനന്തപുരത്തു നടക്കുന്ന ഭിന്നശേഷി സർഗോത്സവം ‘സവിശേഷ – Carnival of the Different’ന്റെ ലോഗോ പ്രകാശനം തൃശൂർ പ്രസ് ക്ലബിൽ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
19ന് രാവിലെ 9.30 ന് ടാഗോർ തിയേറ്ററിൽ കാർണിവൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഗവ. വിമൻസ് കോളേജിൽ കലാപരിപാടികൾക്ക് തുടക്കമാവും.
20ന് രാവിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സ്‌പോർട്‌സ് നടക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി കോളേജിലുമായാവും സ്‌പോർട്‌സ് പരിപാടികൾ.
പല വേദികളിലായി ഒരേ സമയം ഏഴ് ഇവൻ്റുകൾ നടക്കുന്ന വിധത്തിൽ വിപുലമായ സംഘാടനമാണ് ഒരുങ്ങുക. എല്ലാ വേദികളിലും ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ ഉണ്ടാകും.
കൈരളി, ശ്രീ, കലാഭവൻ, ടാഗോർ, തിയേറ്ററുകളിൽ ഒരുക്കുന്ന ചലച്ചിത്രമേളയിൽ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ പ്രമേയമായതും ഭിന്നശേഷിക്കാർ പിന്നണി പ്രവർത്തിച്ചതുമായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.
സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രദർശനമായി സ്റ്റാളുകളൊരുക്കി സജ്ജമാക്കും. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ ഡെമോൺസ്ട്രേഷനും ഉണ്ടാകും.
ഭിന്നശേഷി മേഖലയിലെ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പാനൽ ചർച്ചകളും കാർണിവലിൻ്റെ ഭാഗമായി നടക്കും.
കാർണിവലിൻ്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ തൊഴിൽ മേള വിമൻസ് കോളേജിലാണ് നടക്കുക. തൊഴിൽ മേളയിൽ നൂറോളം തൊഴിൽ ദായകരും ആയിരത്തിലധികം തൊഴിലന്വേഷകരും പങ്കെടുക്കും.
ഭിന്നശേഷിക്കാർ എഴുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നതിനും ചർച്ച ചെയ്യുന്നതിനും വേദിയൊരുങ്ങും. തിരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം പുസ്തകോത്സവവും ഉണ്ടാകും.
ഭിന്നശേഷി കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത-നൃത്ത-ദൃശ്യാവതരണ പരിപാടികൾ ഉൾപ്പെട്ട റിഥം, കാർണിവലിന് നിറപ്പകിട്ടേകും.
മറ്റു ജില്ലകളിൽ നിന്നും നേരിട്ടെത്താൻ സാധിക്കാത്തവർക്ക് പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ വെർച്ച്വൽ സംവിധാനം ഏർപ്പെടുത്തും.
ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കിയാണ് ‘സവിശേഷ – Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവം സംഘടിപ്പിക്കുന്നത്.
കേൾവി വെല്ലുവിളി നേരിടുന്ന ആലുവ സ്വദേശി അബ്ദുൾ ഷുക്കൂറാണ് ലോഗോ ഡിസൈൻ ചെയ്തത്. ലോഗോയ്ക്കുള്ള പുരസ്ക്കാരവും മറ്റു പുരസ്കാരങ്ങളും ഉദ്ഘാടന വേദിയിൽ വെച്ച് സമ്മാനിക്കും.



