ആറുവര്‍ഷത്തോളം ഓഫീസുകള്‍ കയറിയിറങ്ങി, ഒടുവില്‍ ആശയ്ക്ക് വിജയം

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ ആശാവിജയന്‍ കഴിഞ്ഞ ആറുവര്‍ഷമായി നിയമപോരാട്ടത്തിലായിരുന്നു. ജോലിക്കും മറ്റിടങ്ങളിലേക്കും പോകാന്‍ ഒരു മുച്ചക്രവാഹനം വേണം.

സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ 2015-ല്‍ അപേക്ഷയും നല്‍കി. വാഹനം അനുവദിക്കുകയുംചെയ്തു. എന്നാല്‍, കോര്‍പ്പറേഷനിലെ ചില ഉന്നതര്‍ എതിര്‍ത്തു. ആശയ്ക്ക് വാഹനം കിട്ടിയില്ല.

ആറുവര്‍ഷത്തോളം ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെങ്കിലും പോരാടാന്‍തന്നെ ഉറച്ചു. വാഹനം അനുവദിച്ചുനല്‍കിയില്ലെങ്കില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉത്തരവിട്ടതോടെ ഉന്നതര്‍ തലകുനിച്ചു.

ആശയ്ക്ക് മുച്ചക്രവാഹനം സ്വന്തമായി. ലോക്ഡൗണ്‍ കഴിയുന്നതോടെ അമ്മയെ പെട്രോള്‍ പമ്പില്‍ കൊണ്ടുപോയാക്കി ഡി.ടി.പി. സെന്ററില്‍ ജോലിക്കുപോകാമെന്ന പ്രതീക്ഷയിലാണവര്‍.

2015 സെപ്റ്റംബര്‍ 17-നാണ് നെയ്യാറ്റിന്‍കര തിരുപുറം കുമിളി വി.ടി. ഭവനില്‍ ആശാവിജയന്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ അപേക്ഷനല്‍കുന്നത്. 2018-ല്‍ വാഹനം അനുവദിക്കാമെന്നും ഉറപ്പുകിട്ടി.

പിന്നീട് എത്രവട്ടം വിവിധ ഓഫീസുകള്‍ കയറിയിറങ്ങിയെന്ന് ആലോചിക്കാന്‍പോലും പറ്റില്ലെന്ന് 120 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ആശ പറയുന്നു.

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷണര്‍ക്ക് പരാതിനല്‍കിയപ്പോള്‍ ഡ്വാര്‍ഫിസം (ഹ്രസ്വകായത്വം) ബാധിച്ച ആശയ്ക്ക് മുച്ചക്രവാഹനം അനുവദിക്കാന്‍ സാധിക്കില്ലെന്ന് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് നല്‍കി. മുച്ചക്രവാഹനം ഓടിക്കാന്‍ സാധിക്കും എന്ന റിപ്പോര്‍ട്ടോടെ തുടര്‍പരാതി നല്‍കി.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30-ന് ആശയുടെപേരില്‍ വാഹന രജിസ്ട്രേഷനും കഴിഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം വിട്ടുനല്‍കുന്നില്ലെന്നു കാണിച്ച് ഭിന്നശേഷി കമ്മിഷണര്‍ക്ക് വീണ്ടും പരാതിനല്‍കി.

കമ്മിഷണറുടെ ഇടപെടലിനെത്തുടര്‍ന്ന് ജൂണ്‍ 30-ന് അധികൃതര്‍ ആശാവിജയന് മുച്ചക്രവാഹനം കൈമാറുകയായിരുന്നു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button