തിരുവനന്തപുരം ജില്ലയിൽ പാറശാല കൊറ്റാമത്ത് സജ്‌ജമാക്കിയ സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ കേന്ദ്രമായ എംആര്‍എസ്‌ടിയുടെ ഉൽഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നല്‍കിയ കെട്ടിടത്തില്‍ 2 കോടി രൂപ ചിലവഴിച്ചാണ് കേന്ദ്രം പ്രവര്‍ത്തന സജ്‌ജമാക്കിയത്.
കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങള്‍ അവരുടെ ആവശ്യകതയനുസരിച്ച് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
കൊറ്റാമത്തെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ കേന്ദ്രത്തോടൊപ്പം തന്നെ വടക്കന്‍ മേഖലയിലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി എംആര്‍എസ്‌ടിയുടെ ഒരു പുതിയ യൂണിറ്റ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടി കുളപ്പയിൽ ആരംഭിക്കുന്നതിനായി 3 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.
ഇവക്ക് പുറമേ ലോകത്തെവിടെയും ലഭിക്കുന്ന ആധുനിക സഹായ ഉപകരണങ്ങള്‍ കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ഒരു ഷോറും തുടങ്ങുന്നതിന് വിവിധ ഘട്ടങ്ങളിലായി ഏകദേശം 4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി. അതിന്റെ ഡിസൈനിംഗ് പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്‌ജമാകാന്‍ പോകുകയാണെന്നും മന്ത്രി വ്യക്‌തമാക്കി.
കൂടാതെ കേരളത്തിൽ എവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ എവിടെനിന്നും വാങ്ങുന്നതിനും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വിപണി കണ്ടെത്തുന്നതിനും ഇ-സ്‌റ്റോര്‍ ആരംഭിക്കാനും സര്‍ക്കാര്‍ അനുമതി ലഭ്യമാക്കിയിട്ടുണ്ട്.
ഇവയെല്ലാം ചേര്‍ത്തുകൊണ്ട് കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ അവരുടെ ആവശ്യകത അനുസരിച്ച് ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്‌തമാക്കി.
സികെ ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് പരശുവക്കല്‍ മോഹനന്‍ സ്വാഗതം ആശംസിച്ചു.
കേണല്‍ ഷാജി എം വര്‍ഗീസാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്‌ടര്‍ ഷീബ ജോര്‍ജ്, പ്ളാനിംഗ് ബോര്‍ഡ് അംഗം ഡോക്‌ടർ മൃദുല്‍ ഈപ്പന്‍, കെഎസ്എസ്എം എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ മുഹമ്മദ് അഷീല്‍ എന്നിവര്‍ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.