ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായ പരിഗണനയും സ്വീകാര്യതയും ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം. അതിനുള്ള അംഗീകാരമെന്ന നിലയിലാണ് ദേശീയ ഭിന്നശേഷി പുരസ്‌കാരം നമ്മുടെ സംസ്ഥാനം നേടിയിരിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്തമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി 2019ലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് നിശ ‘സമര്‍പ്പണം 2019’ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരിഗണിക്കപ്പെടാതെ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിക്കേ് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്.
അതിന്റെ അടിസ്ഥാനത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ പ്രവേശനം മുതല്‍ ജോലി നേടല്‍ വരെയുള്ള ഘട്ടങ്ങളില്‍ ഈ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുകയാണ്.
ഭിന്നശേഷിയുള്ളവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
എന്നാല്‍, ഇതല്ല ഇപ്പോഴത്തെ സ്ഥിതി. ഭിന്നശേഷിക്കാരുടെ അസാധാരണമായ ചില മേഖലകളിലെ കഴിവുകള്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയായി.
നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ അവര്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനോ തൊഴിലെടുക്കുന്നതിനോ തടസങ്ങളൊന്നുമില്ല.
ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഏതെങ്കിലും വിഭാഗം അനുഭവിക്കുന്നുണ്ടെങ്കില്‍ അവരെ അകറ്റിനിര്‍ത്തുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്ന് സമൂഹമാകെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന്റെ ഗുണപരമായ മാറ്റങ്ങള്‍ ഭിന്നശേഷി വിഭാഗത്തിനാകെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
കുഞ്ഞുന്നാളില്‍ നടത്തുന്ന മെഡിക്കല്‍ പരിശോധന വഴി കുട്ടികളുടെ ശാരീരിക പരിമിതികള്‍ കണ്ടെത്തി വിദഗ്ധ ഇടപെടലിലൂടെ അവരെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ എണ്ണം വര്‍ഷം കഴിയും തോറും വര്‍ധിച്ചുവരുന്നത് അതിന് തെളിവാണ്.
സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സുരക്ഷാമിഷന്‍ വഴിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ഇരുപത്തിയഞ്ചോളം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്.
അതിലേറ്റവും പ്രധാനമാണ് ‘അനുയാത്ര’യെന്ന പദ്ധതി.
കുട്ടികള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ മാത്രമല്ല, 21 വിഭാഗത്തിലുള്ള ഭിന്നശേഷിക്കാര്‍ക്ക് സന്തുഷ്ട ജീവിതം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ശുഭയാത്ര’ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്.
വിനോദസഞ്ചാര രംഗത്ത് രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണ് കേരളം.
സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം മൂന്ന് ശതമാനത്തില്‍ നിന്നും നാലു ശതമാനമാക്കിയിരിക്കുകയാണ്.
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന ഉത്തമബോധ്യം സര്‍ക്കാരിനുണ്ട്.
സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാരില്‍ കുട്ടികള്‍ ഉള്‍പ്പെടെ 43 ശതമാനം പേര്‍ ചലനശേഷി കുറഞ്ഞവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിരവധി കാരണങ്ങളാല്‍ വേണ്ടത്ര സാമൂഹിക പരിഗണന ലഭിച്ചിട്ടില്ലാത്ത ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.
ഇത് കേവലം സര്‍ക്കാരിന്റെ ചുമതലയായി മാത്രം കാണാന്‍ പാടില്ല. അതിന് സമൂഹത്തിന്റെയാകെ കൂട്ടായ പരിശ്രമമുണ്ടാകണം. അപ്പോള്‍ കുറവുകളുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ സാധിമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ ഭിന്നശേഷി അവാര്‍ഡ് സംസ്ഥാനത്തിന് സമര്‍പ്പിക്കല്‍, സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണം, മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എല്‍.എല്‍.സി.യ്ക്കുള്ള ആദരം എന്നിവയും മുഖ്യമന്ത്രി നിര്‍വഹിച്ചു.
സാമൂഹ്യനീതി വകുപ്പിനെ സംബന്ധിച്ച് ഇത് ചാരിതാര്‍ത്ഥ്യത്തിന്റെ മുഹൂര്‍ത്തമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
3 വര്‍ഷക്കാലം ഭിന്നശേഷിക്കായി വലിയ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിയ്ക്കായി അനുയാത്ര എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ആദ്യ വര്‍ഷം തന്നെ വയോശ്രേഷ്ഠ അവാര്‍ഡ് ഉള്‍പ്പെടെ രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. കേരളത്തിലാകെ ഭിന്നശേഷി സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് സാധ്യമല്ല. അതിനാല്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ശുഭയാത്ര ട്രൈ സ്‌കൂട്ടര്‍ വിതരണവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ഭിന്നശേഷി മേഖലയില്‍ വിവിധ മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ അവാര്‍ഡ് വാങ്ങിയ ഈ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയുള്‍പ്പെടെയുള്ള എല്ലാവരേയും അഭിനന്ദിക്കുന്നതായി വിജയാമൃതം, സഹചാരി പദ്ധതികളുടെ വിതരണ ഉദ്ഘാടനവും ഐ.ഇ.സി.കളുടെ പ്രകാശനവും ടെലി റീഹാബ് യൂണിറ്റ് സമാരംഭവും നിര്‍വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പദ്ധതികളിലേയും ആശയം ജനകീയതയാണ്. അത് വളര്‍ത്തുക എന്നതാണ് പ്രധാനം.
ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിച്ച് പാര്‍ശ്വവത്ക്കരണമില്ലാത്ത സമൂഹമാക്കി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സമര്‍പ്പണം 2019 നോടനുബന്ധിച്ച് ഭിന്ന ശേഷിക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതമാശംസിച്ച ചടങ്ങില്‍ നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഭിന്നശേഷിക്കാരുടെ സംസ്ഥാന കമ്മീഷണര്‍ ഡോ. ജി. ഹരികുമാര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, എം.ഡി. കെ. മൊയ്തീന്‍ കുട്ടി, കൗണ്‍സിലര്‍ ഐഷ ബേക്കര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടര്‍ ജലജ എന്നിവര്‍ സന്നിഹിതരായി.