പുത്തൻ മനോഹാരിതയിൽ തിരുവനന്തപുരത്തെ ആദ്യ ഭിന്നശേഷി സൗഹൃദ പാര്‍ക്ക്

ടൈൽ വിരിച്ച പാതകളും പൂക്കൾ തളിർത്ത വള്ളിച്ചെടികൾ ഇടതൂർന്ന് വളർന്നിറങ്ങിയ ചെറു ടണലുകളും മുളയിൽ തീർത്ത ഐലൻഡുമൊക്കെയായി തിരുവനന്തപുരത്തെ മ്യൂസിയം കോമ്പൗണ്ടിലെ ഭിന്നശേഷി സൗഹൃദപാർക്ക് പുത്തൻ മനോഹാരിതയിൽ.

ബാരിയർ ഫ്രീ കേരള പദ്ധതികളുടെ ഭാഗമായി സാമൂഹിക നീതിവകുപ്പാണ് മ്യൂസിയം കോമ്പൗണ്ടിൽ പാർക്ക് സജ്ജമാക്കിയത്.

സ്വന്തമായും അല്ലാതെയും വീൽച്ചെയറിലെത്തുന്ന ഭിന്നശേഷിക്കാർക്കും എളുപ്പത്തിൽ കയറിച്ചെല്ലാനും ചുറ്റും ആയാസരഹിതമായി സഞ്ചരിക്കാനും കഴിയുംവിധമാണ് പാർക്കിന്റെ രൂപകല്പന.

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് തൊട്ടറിഞ്ഞ് കാര്യങ്ങൾ തിരിച്ചറിയാനും മാനസിക ഉല്ലാസത്തിനും ഉതകുന്ന തരത്തിലുമാണ് നിർമ്മാണം.

ചെറു വെള്ളച്ചാട്ടവും കരിങ്കല്ലിലും മാർബിളിലും തീർത്ത ഇരിപ്പിടങ്ങളും ചെറു പുൽത്തകിടികളും പാർക്കിനെ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുന്നു.

പാതകളിലെ ടൈലുകൾക്കിടയിൽ പുല്ലുകൾ വച്ചുപിടിപ്പിരിക്കുന്നതും വിവിധ തരത്തിലുള്ള ടൈലുകൾ പാകിയിരിക്കുന്നതും അവരുടെ സെൻസറിംഗിനെ കൂടുതൽ സഹായിക്കും.

10,000 സ്‌ക്വയർ ഫീറ്റുള്ള പാർക്കിൽ വിവിധ നിറത്തിലുള്ള പൂക്കളും തണൽ വിരിക്കുന്ന മരങ്ങളുമുണ്ട്.

ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് വിനോദത്തിനും ഇന്ദ്രിയ വികാസത്തിനും സഹായിക്കുന്ന തരത്തിലാണ് പാർക്കിന്റെ നിർമ്മാണം.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ ശാരീരിക-ബൗദ്ധിക പരിമിതികൾ അതിജീവിച്ച് മാനസിക ഉല്ലാസം പ്രദാനം ചെയ്യുന്നതിനും ഓട്ടിസം ഉൾപ്പെടെയുള്ള വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സെൻസറി ഗാർഡൻ സ്ഥാപിക്കുന്നതിലൂടെ സെൻസറി സ്റ്റിമുലേഷൻ സാദ്ധ്യമാക്കാനും സഹായിക്കും.

തലസ്ഥാനത്ത് ഏറ്റവും കൂടുതലാളുകള്‍ വിശ്രമിക്കാനെത്തുന്ന ഇടങ്ങളിലൊന്നാണ് മ്യൂസിയം. അവിടേക്ക് ഇനി ഭിന്നശേഷികാര്‍ക്കും ധൈര്യമായി കടന്ന് വരാം.

Exit mobile version