എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി തസ്തിക: നിയമനം നേടിയവർക്ക് താൽക്കാലിക അംഗീകാരം നൽകാൻ ഉത്തരവ്

കൊച്ചി: യോഗ്യരായ ഭിന്നശേഷി അധ്യാപകരുടെ അഭാവത്താൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടസ്സപ്പെട്ടു നിൽക്കെ പുതിയ മാർഗനിർദേശങ്ങളുമായി ഹൈക്കോടതി.

എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാതെ 2018 നവംബർ 18നു ശേഷമുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന സിംഗിൾബെഞ്ചിന്റെ വിധിയിൽ ചില വ്യവസ്ഥകൾ ഉൾപ്പെടുത്തി ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തി.

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി നീക്കിവച്ച തസ്തികകളിൽ 2018 നവംബർ 18നും 2021 നവംബർ 8നും ഇടയിൽ ഉണ്ടായ ഒഴിവിൽ നിയമനം നൽകിയവർക്ക് വിദ്യാഭ്യാസ ഓഫിസർ താൽക്കാലികമായി നിയമന അംഗീകാരം നൽകണമെന്നു ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർഥി ചുമതലയേൽക്കുന്നതു വരെയാണു നിയമനം എന്ന നിബന്ധനയോടെയാണിത്. ഇവർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നും നിർദേശിച്ചു.

ഇങ്ങനെ താൽക്കാലികമായി നിയമിക്കപ്പെടുന്നവരെ നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ അഭാവമുണ്ടായാൽ പിന്നീട് സ്ഥിരപ്പെടുത്താമെന്നും വ്യക്തമാക്കി.

ഭിന്നശേഷിക്കാരായ അധ്യാപകർ എത്തിയാൽ താൽക്കാലിക നിയമനം അംഗീകാരം നൽകിയവരെ അതേ സ്കൂളിലോ അതേ മാനേജ‌്മെന്റിന്റെ മറ്റ് സ്കൂളിലോ ഉണ്ടാകുന്ന ഒഴിവുകളിൽ നിയമിക്കണമെന്നും ഉത്തരവിട്ടു.

ഭിന്നശേഷി സംവരണം നടപ്പാക്കുന്നതു വരെ 2021 നവംബർ 8നുശേഷം ഉണ്ടായ ഒഴിവുകളിൽ മാനേജർമാർക്ക് അധ്യാപകരെ ദിവസവേതാനാടിസ്ഥാനത്തിൽ നിയമിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഭിന്നശേഷി സംവരണം നടപ്പാക്കാതെ എയ്ഡഡ് സ്കൂളുകളിൽ 2018 നവംബർ 18നു ശേഷം നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് 2022 ഓഗസ്റ്റിൽ നിർദേശിച്ചിരുന്നു.

എന്നാൽ, ഇതിനകം അംഗീകാരം കിട്ടിയവ റദ്ദാകില്ലെന്നും വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2021 നവംബർ 8നു ശേഷമുള്ള ഒഴിവുകളിൽ ബാധകമാക്കിയാൽ മതിയെന്നു വിദ്യാഭ്യാസ വകുപ്പ് 2021ൽ നിർദേശിച്ചതും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇതിനെതിരെ മാനേജർമാരും നിയമനം ലഭിച്ച അധ്യാപകരും ഉൾപ്പെടെ നൽകിയ എൺപതോളം അപ്പീലുകൾ തീർപ്പാക്കിയാണ് ഉത്തരവ്.

സിംഗിൾ ബെഞ്ച് ഉത്തരവിൽ ചില ഭേദഗതികൾ വരുത്തിയാണു ജസ്റ്റിസ് പി.ബി.സുരേഷ്കുമാറും ജസ്റ്റിസ് സി.എസ്.സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതോടെ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ കുഴപ്പത്തിലായെന്നതു ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.

എല്ലാ വർഷവും ശരാശരി 3500 ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്നുണ്ടെന്ന് ഗവൺമെന്റ് പ്ലീഡറും ചൂണ്ടിക്കാട്ടിയിരുന്നു.

2022-23 അധ്യയന വർഷം എയ്ഡഡ് സ്കൂളുകളിൽ നിയമനങ്ങൾ നടത്താനായിട്ടില്ലെന്നതും ഡിവിഷൻ ബെഞ്ച് കണക്കിലെടുത്തു.

Exit mobile version