ഭിന്നശേഷി സംവരണം: പി.എസ്.സിയ്ക്ക് പൊതു നിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: ഒരു തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം പ്രസ്തുത തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തിയാല്‍ ആ സംവരണം തുടര്‍ന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് ബാധകമാക്കിയാല്‍ മതിയാകും എന്ന പൊതു നിര്‍ദേശം പി.എസ്.സി.യ്ക്ക് നല്‍കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

നോട്ടിഫിക്കേഷന്‍ തീയതിക്ക് മുമ്പ് തസ്തിക ഭിന്നശേഷി സംവരണത്തിനായി മാറ്റിവെക്കാത്തത് കാരണം പിന്നീടുണ്ടാകുന്ന റാങ്ക് ലിസ്റ്റില്‍ സാധാരണ ഗതിയില്‍ ഭിന്നശേഷിക്കാര്‍ ഉണ്ടാകാറില്ല.

എന്നാല്‍ അവര്‍ക്കായി തസ്തികകള്‍ പിന്നീട് മാറ്റി വയ്ക്കപ്പെടുമ്പോള്‍ ഇത് അര്‍ഹരായുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തിന് കാലതാമസം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

മാത്രമല്ല നോട്ടിഫിക്കേഷന്‍ പ്രകാരം സംവരണം നല്‍കിയിട്ടില്ലെങ്കില്‍ പോലും സംവരണം അനുവദിക്കണം എന്നാവശ്യപ്പെട്ട് നിരവധി പരാതികളും കോടതി കേസുകളും നിലവിലുണ്ട്.

സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ഇതുസംബന്ധിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ കൂടി പരിഗണിക്കുകയും ചെയ്തു

ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം ഒരു തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തിയാല്‍ ആ സംവരണം തുടര്‍ന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് മാത്രം ബാധകമാക്കിയാല്‍ മതിയെന്നുള്ള പൊതു നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ തീയതിയിലോ അതിന് മുന്‍പോ ആ തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് ആ നോട്ടിഫിക്കേഷനില്‍ ഇക്കാര്യം പ്രതിപാദിക്കാറുള്ളൂ.

അതിനാല്‍ തന്നെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിന് ശേഷം ആ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്യാന്‍ കഴിയുന്നതല്ല. അതിന് ശേഷം വരുന്ന നോട്ടിഫിക്കേഷനുകള്‍ക്കാണ് ആ സംവരണം ലഭ്യമാകുന്നത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button