കൊച്ചി: ഭിന്നശേഷി സംവരണം സംബന്ധിച്ച 2018ലെ വ്യവസ്ഥ പാലിക്കാത്ത എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കുള്ള സ്റ്റേ ഭിന്നശേഷിക്കാർക്ക് അനുയോജ്യമല്ലാത്ത തസ്തികകൾക്ക് ബാധകമല്ലെന്ന് ഹൈകോടതി.
സാമൂഹികനീതി വകുപ്പിന്‍റെ 2020 ആഗസ്റ്റ് 25ലെ ഉത്തരവ് പ്രകാരം നിയമനം സാധ്യമെന്ന് കണ്ടെത്തിയ 49 എണ്ണത്തിന് പുറത്തുള്ള തസ്തികകളിലെ നിയമനത്തിന് സെപ്റ്റംബർ 23ലെ ഇടക്കാല സ്റ്റേ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്ക് നിയമനം സാധ്യമായ തസ്തികകളിൽ എയ്ഡഡ് സ്കൂളുകളിൽ നിലവിലുള്ള ഒഴിവുകളുടെ എണ്ണം കണ്ടെത്തി ഈ മാസം ആറിനകം സമർപ്പിക്കണമെന്നും നിർദേശിച്ചു.
2021-22 കാലയളവിൽ എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകൾ നടത്തിയ നിയമനങ്ങൾ അംഗീകരിക്കാൻ നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബർ ആറിന് പുറപ്പെടുവിച്ച ഉത്തരവ് ഭിന്നശേഷിക്കാർക്കുള്ള സംവരണം പാലിക്കാതെയാണെന്ന് കാട്ടി കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് നൽകിയ ഹരജിയിലെ സ്റ്റേ നീക്കണമെന്ന സർക്കാർ ആവശ്യം പരിഗണിക്കവേയാണ് സിംഗിൾ ബെഞ്ച് വിധിയിൽ വ്യക്തത വരുത്തിയത്.
നാല് ശതമാനത്തിൽ കുറയാത്ത തസ്തികകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെക്കണമെന്നും ഈ വ്യവസ്ഥ എയ്ഡഡ് സ്ഥാപനങ്ങൾക്ക് ബാധമാക്കി 2018 നവംബറിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
1996 ഫെബ്രുവരി ഒന്നുമുതലുള്ള ഒഴിവുകളിൽ മൂന്ന് ശതമാനവും 2017 ഏപ്രിൽ 29 മുതലുള്ള ഒഴിവുകളുടെ നാല് ശതമാനവും എന്ന നിലയിൽ നിയമനം ഉറപ്പുവരുത്തണമെന്നാണ് നിർദേശം. ഇതിനെതിരെ മാനേജ്മെൻറുകൾ സുപ്രീംകോടതിയെവരെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല.
ഇതിനിടെയാണ് 2021-22ലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ നിർദേശം നൽകി കോടതി ഉത്തരവിട്ടതെന്നായിരുന്നു ആരോപണം. തുടർന്നായിരുന്നു നടപടികൾ സ്റ്റേ ചെയ്തത്.
എന്നാൽ, ഭിന്നശേഷി സംവരണം ഉറപ്പാക്കേണ്ട തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ കണ്ടെത്താൻ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ കൃത്യമായ കണക്ക് കിട്ടൂവെന്നുമായിരുന്നു സർക്കാർ വാദം.
ഇതേതുടർന്നാണ് ഈ കണക്ക് ആറിന് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.
അതിനുശേഷം മാത്രമേ എതിർകക്ഷികളുടെ വാദം പരിഗണിക്കാനാവൂവെന്നും നിലവിൽ അംഗീകാരം നൽകിയ നിയമനങ്ങൾ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഭിന്നശേഷി സംവരണം കൃത്യമായി പാലിക്കാൻ എയ്ഡഡ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
സർക്കാർ ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെങ്കിലും മാനേജ്മെന്റുകൾ സംവരണം പാലിക്കാൻ ബാധ്യസ്ഥരെന്ന് ഹരജിക്കാർ വാദിച്ചു.
ഇടക്കാല ഉത്തരവിനുശേഷം ഈ നിർദേശം നൽകിയതല്ലാതെ സർക്കാർ മറ്റ് നടപടികളൊന്നും എടുത്തിട്ടില്ലെന്നും ഇവർ ആരോപിച്ചു.
ഒരു ഭിന്നശേഷി സംവരണ നിയമനത്തിന് 25 ഒഴിവുകളെങ്കിലും വേണ്ടിവരുമെന്നും അതിന് സാധ്യത പരിമിതമാണെന്നും ഭിന്നശേഷിക്കാരിൽ അധ്യാപന യോഗ്യത നേടിയവർ 40ൽ താഴെ മാത്രമാണെന്നുമാണ് വിവരാവകാശരേഖ പ്രകാരം വ്യക്തമാകുന്നതെന്നും എതിർകക്ഷികൾ ചൂണ്ടിക്കാട്ടി.
തുടർന്നാണ് സംവരണം സാധ്യമായ തസ്തികകൾക്ക് പുറത്ത് സ്റ്റേ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയത്.