ഭിന്നശേഷി മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന റിസോഴ്സ് അധ്യാപകർക്ക് സ്ഥിരം നിയമനം നൽകുന്നില്ലെന്ന് പരാതി. 10 വര്‍ഷം പൂര്‍ത്തിയാക്കിയ റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന ഹൈകോടതി വിധി ഇവരുടെ കാര്യത്തില്‍ നടപ്പാക്കുന്നില്ല.
സമഗ്രശിക്ഷയുടെ കീഴിലെ വിദ്യാലയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓരോ വര്‍ഷവും കരാര്‍ പുതുക്കും.
20 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കാണ് സ്പെഷല്‍ എജുക്കേറ്റര്‍മാരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
2016 ജൂണ്‍ 30ന് 10 വര്‍ഷം സേവനം പൂര്‍ത്തിയായവര്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. അവശേഷിക്കുന്നവരുടെ തൊഴില്‍ സംരക്ഷിക്കണമെന്നും വിധിയിലുണ്ട്.
കേരളത്തില്‍ അന്ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ 173 പേര് മാത്രമായിരുന്നു. ഇവര്‍ക്ക് സ്ഥിരം നിയമനം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകുകയായിരുന്നു.
ഇപ്പോൾ 2500ഓളം പേരാണ് ഈ മേഖലയിലുള്ളത്. ഇതില്‍ 700ഓളം പേരും 15 വര്‍ഷത്തിലധികം പൂര്‍ത്തിയാക്കിയവരാണ്.
ശമ്പളവും ക്ഷേമപെന്‍ഷനും കാലാനുസൃതമായി പരിഷ്കരിക്കുമ്പോള്‍ സ്പെഷല്‍ എജുക്കേറ്റര്‍മാരുടെ ശമ്പളം കുറയുകയാണെന്നും പരാതിയുണ്ട്.
ഹൈസ്കൂള്‍ തലത്തില്‍ 28,815 രൂപ ശമ്പളം വാങ്ങിയിരുന്നവര്‍ക്ക് ഇപ്പോള്‍ 24,000 രൂപയിലെത്തി. ശമ്പളത്തിെൻറ 60 ശതമാനം കേന്ദ്രമാനവ വിഭവശേഷി വകുപ്പും ബാക്കി 40 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് നല്‍കുന്നത്.
കേന്ദ്രഫണ്ടില്‍ വരുന്ന കുറവാണ് ശമ്പളം കുറയാൻ കാരണം. കോവിഡ് കാലത്തും പ്രളയകാലത്തും ശമ്പളം വെട്ടിക്കുറച്ചതായും ഇവര്‍ പറഞ്ഞു.
എന്നാല്‍, എയ്ഡഡ് സ്കൂളുകള്‍ നിയമിച്ച സ്പെഷല്‍ എജുക്കേറ്റര്‍മാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നതായും ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതായും ഈ മേഖലയിലുള്ളവര്‍ പറയുന്നു.