മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ പഠനം മുടങ്ങി; ഭിന്നശേഷി വിദ്യാർത്ഥികൾ ദുരിതത്തിൽ

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ തിരുവല്ലം സ്വദേശിയായ വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമായിട്ടില്ല.

ഒന്നരവർഷമായി പഠനം തുടരാനാകാത്തത് പരിശീലനത്തിലൂടെ നേടിയ സംസാര ശേഷിയെ പോലും ബാധിക്കുകയാണ്.

പട്ടം മുറിഞ്ഞപാലം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായ ചിന്നുവിന് ഓൺലൈൻ വിദ്യാഭ്യാസം എന്നത് ഇന്നും സ്വപ്നമാണ്. കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങാതിരിക്കാനായി ഓൺലൈൻ വഴിയുള്ള പ്രവർത്തനങ്ങളാണ് സ്പെഷ്യൽ സ്കൂളുകൾ നടത്തുന്നത്.

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പോസ്റ്റ് ചെയ്താണ് അധ്യാപകർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്ലാസ് ഉറപ്പാക്കുന്നത്.

എന്നാൽ ഒന്നര വർഷമായിട്ടും മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ചിന്നുവിന് പഠനസൗകര്യം ലഭിച്ചിട്ടില്ല. ശാരീരിക അവശതകളെ തുടർന്ന് അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്.

കോവിഡ് കാലത്ത് മറ്റു പല വീടുകളിലും രക്ഷിതാക്കൾ അധ്യാപകരായി മാറുമ്പോൾ ഈ വീടിനെ സംബന്ധിച്ച് അതും അകലെയാണ്.

കാലങ്ങളോളം പരിശീലനം നൽകിയ ശേഷമാണ് ഭിന്നശേഷിക്കാരായ കുട്ടികളിൽ സംസാരശേഷി അടക്കം വളർത്തിയെടുക്കുന്നത്.

എന്നാൽ സ്പെഷൽ സ്കൂളുകൾ അടഞ്ഞു  കിടക്കുന്നതിനാൽ വലിയ വെല്ലുവിളിയാണ് ഓൺലൈൻപഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾ നേരിടുന്നത്.

സംസ്ഥാനത്ത് 25,000 ലധികം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾ സ്പെഷ്യൽ സ്കൂളുകളിലാണ് പഠിക്കുന്നത്.

കഴിഞ്ഞ ഒന്നരവർഷമായി കോവിഡിനെ തുടർന്ന് സ്പെഷ്യൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഇതോടെയാണ് ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാസൗകര്യങ്ങൾ മുടങ്ങിയത്.

സ്പെഷ്യൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്ന സമയത്ത് ദിവസവും നടത്തിയിരുന്ന ഫിസിയോ തെറാപ്പിയാണ് പല കുട്ടികൾക്കും ഒന്നരവർഷമായി മുടങ്ങിയിരിക്കുന്നത്. ഫിസിയോ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ വർഷങ്ങളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികളിലെ ശാരീരിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടിരുന്നത്.

എന്നാൽ തെറാപ്പി മുടങ്ങിയതോടെ കുട്ടികളുടെ മാംസപേശികൾ വരിഞ്ഞു മുറുകാൻ തുടങ്ങി. അപസ്മാരം, ശ്വാസതടസ്സം അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ചികിത്സയുടെ അഭാവം കുട്ടികളിൽ സൃഷ്ടിക്കുന്നത്.

ഒരു പ്രാവശ്യത്തെ ഫിസിയോതെറാപ്പിക്ക് 300 മുതൽ 500 രൂപ വരെയാണ് സ്വകാര്യ ക്ലിനിക്കുകൾ ഈടാക്കുന്നത്.

ഫിസിയോ തെറാപ്പി പുനരാരംഭിച്ചാലും മാസങ്ങളോളം നീളുന്ന പരിശീലനത്തിനു ശേഷം മാത്രമേ പൂർവ്വസ്ഥിതി വീണ്ടെടുക്കാൻ കഴിയുവെന്നാണ് വിദഗ്ധർ പറയുന്നത്.

സ്പെഷ്യൽ സ്കൂളുകളിലെ ഫിസിയോ തെറാപ്പിസ്റ്റുകളെ വീടുകളിൽ എത്തിക്കുകയോ സ്പെഷ്യൽ സ്കൂളുകളിൽ ഇതിനായുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുകയോ വേണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോതെറാപ്പി ലഭ്യമാക്കാൻ ഓൺലൈൻ സംവിധാനം സാമൂഹ്യ സുരക്ഷാ മിഷൻ ഏർപ്പെടുത്തിയിരുന്നു.

എന്നാൽ ഇത് ഫലവത്താകുന്നില്ല. ഭൂരിഭാഗം വീടുകളിലും ഓൺലൈൻ സംവിധാനം ലഭ്യമാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

അതിനാൽ ഫിസിയോതെറാപ്പിമായി ബന്ധപ്പെട്ട് യാതൊരുവിധ സംവിധാനവും ലഭ്യമാകാത്തതാണ് സ്ഥിതി ഗുരുതരമാാക്കുന്നത്.

കടപ്പാട്: NEWS 18 മലയാളം

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button