ഭിന്നശേഷിക്കാർക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ഉറപ്പാക്കണം

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കും സർക്കാരിന്റെ ഡിജിറ്റൽ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഡിജിറ്റൽ കെ.വൈ.സി, ഇ-ഗവേണൻസ് പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം തുടങ്ങി എല്ലാ സർക്കാർ ഓൺലൈൻ സർവീസുകളും അവർക്ക് ലഭ്യമാക്കണം.

ഡിജിറ്റൽ ആക്‌സസ് എന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ജസ്റ്രിസുമാരായ ജെ.ബി.പർദിവാല,​ ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ആസിഡ് ആക്രമണ ഇരയും,​ കാഴ്ചപരിമിതിയുള്ളവരും സമർപ്പിച്ച റിട്ട് ഹർജിയിലാണ് വിധി. ഇ- കെ.വൈ.സി പ്രോസസ് ഉറപ്പാക്കുന്നതിന് മാർഗരേഖയും പുറപ്പെടുവിച്ചു. ആസിഡ് ആക്രമണത്തിനിരയായ പ്രഗ്യാ പ്രസൂൻ നടത്തിയ നിയമപോരാട്ടമാണ് വിധിക്ക് വഴിവച്ചത്.

2023 ജൂലായിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങാനായി ഡിജിറ്റൽ കെ.വൈ.സി പ്രക്രിയ പൂർത്തിയാക്കാൻ ക്യാമറയിലേക്ക് നോക്കി കണ്ണ് ചിമ്മാൻ ആസിഡ് ആക്രമണത്തിന്റെ ഫലമായി പ്രഗ്യയ്‌ക്ക് കഴിഞ്ഞില്ല.

തുടർന്നാണ് നിയമപോരാട്ടത്തിന് തുടക്കമിട്ടത്. ലൈവ് ഫോട്ടോയെടുക്കാൻ പുതിയ മാർഗരേഖയിറക്കണമെന്ന് സുപ്രീംകോടതി റിസർവ് ബാങ്കിന് നിർദ്ദേശം നൽകി. കണ്ണ് ചിമ്മണമെന്നത് നിർബന്ധമാക്കരുതെന്നും നിർദ്ദേശിച്ചു.

നോഡൽ ഓഫീസർമാരെ നിയോഗിക്കണം

ഭിന്നശേഷിക്കാർക്ക് ഡിജിറ്റൽ ആക്‌സസ് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണം

ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരെ നിയോഗിക്കണം

പുതിയ ഫീച്ചറുകൾ കൊണ്ടുവരുമ്പോൾ, കാഴ്ചപരിമിതി ഉള്ളവരെ അടക്കം പരിഗണിക്കണം

ഡിജിറ്റൽ കെ.വൈ.സി പ്രോസസിന് വിരലടയാളവും സ്വീകരിക്കണം

വോയ്സ്- വീഡിയോ സപ്പോർട്ടോടെ കെ.വൈ.സി പ്രോസസ് പൂർത്തിയാക്കാൻ സൗകര്യമൊരുക്കണം

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button