ഭിന്നശേഷി സഹായ കേന്ദ്രങ്ങൾ ആരംഭിക്കും

എറണാകുളം ജില്ലയിൽ ഭിന്നശേഷിക്കാർക്കായി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പഞ്ചായത്ത് -ബ്ലോക്ക്- ജില്ല തലത്തിൽ സഹായ കേന്ദ്രങ്ങൾ ആരംഭിക്കും.

കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ വൊക്കേഷണൽ ട്രെയിനിംഗ് സെൻററുകൾ എന്നിവ കഴിഞ്ഞ ഒരു വർഷത്തിലധികമായി അടഞ്ഞു കിടക്കുകയായിരുന്നു.

അതിനാൽ മുഴുവൻ സമയം വീട്ടിൽ കഴിയേണ്ടിവരുന്ന ഭിന്നശേഷിക്കാരിൽ മാനസികപിരിമുറുക്കവും സ്വഭാവ വൈകല്യങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിനായി ഭിന്നശേഷി സഹായി കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടരുടെ നിർദ്ദേശത്തെ തുടർന്ന് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പ്രാഥമിക യോഗം ഓൺലൈനായി ചേർന്നു.

യോഗത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ കെ സുബൈർ, എൽ സി മെമ്പർ അഡ്വ. രഘുകുമാർ, ബിആർസി പ്രോജക്ട് ഓഫീസർ ഉഷ വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ മായ ലക്ഷ്മി, ജില്ലാ പ്രൊബേഷൻ ഓഫീസർ ഷംനാദ്, ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ സിനി, എൽ എൻ സി പ്രതിനിധി എലിസബത്ത് കൂടാതെ ഭിന്നശേഷി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

Exit mobile version