സർവിസ് കാര്യങ്ങളിൽ തീർപ്പ്​ കൽപിക്കാൻ ഭിന്നശേഷി കമീഷന് അധികാരമില്ല: ഹൈകോടതി

കൊച്ചി: സർവിസ് കാര്യങ്ങളിൽ തീർപ്പ്​ കൽപിക്കാനും നിയമനത്തിന്​ നിർദേശം നൽകാനും സംസ്ഥാന ഭിന്നശേഷി കമീഷന് അധികാരമില്ലെന്ന്​ ഹൈകോടതി.

നിയമവകുപ്പിലെ ലീഗൽ അസിസ്റ്റന്‍റ്​ ഗ്രേഡ് – രണ്ട് തസ്തികയിൽ കേൾവി വൈകല്യമുള്ള ഉദ്യോഗാർഥിക്ക് നിയമനം നൽകണമെന്ന ഭിന്നശേഷി കമീഷൻ ഉത്തരവ്​ റദ്ദാക്കിയാണ്​ ജസ്റ്റിസ്​ എൻ. നഗരേഷിന്‍റെ ഉത്തരവ്​.

സർക്കാർ സർവിസിലെ നിയമനങ്ങളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് അർഹതയുള്ള ബാക്ക് ലോഗ് നികത്താൻ കോടതി ഉത്തരവുകൾ ഉണ്ടായിട്ടും ലീഗൽ അസിസ്റ്റന്‍റ്​ നിയമനത്തിന് പി.എസ്.സി തയാറാക്കിയ സപ്ലിമെന്‍ററി ലിസ്റ്റിൽ രണ്ടാം റാങ്കുള്ള തനിക്ക്​ നിയമനം നൽകിയില്ലെന്ന്​ ആരോപിച്ച് ആലുവ സ്വദേശിനിയായ ഉദ്യോഗാർഥി നൽകിയ ഹരജിയിൽ ഇവർക്ക്​ അഡ്വൈസ് മെമ്മോ നൽകാനും സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കാനും ഭിന്നശേഷി കമീഷൻ പി.എസ്.സിക്ക് നിർദേശം നൽകി.

ഇത്തരത്തിൽ നികത്തേണ്ട ഒഴിവുകൾ നിയമ സെക്രട്ടറി പി.എസ്.സിക്ക് റിപ്പോർട്ട്​ ചെയ്യാനും 2022 ജൂൺ 30ലെ ഉത്തരവിൽ കമീഷൻ നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെ പി.എസ്.സി നൽകിയ ഹരജിയാണ്​ സിംഗിൾ ബെഞ്ച്​ പരിഗണിച്ചത്​.

ഭിന്നശേഷി കമീഷന്‍റെ ഈ നിർദേശങ്ങൾ നിയമപരമല്ലെന്നും ഇതിന്​ കമീഷന്​ അധികാരമില്ലെന്നുമായിരുന്നു പി.എസ്.സിയുടെ വാദം. ഇത്​ അംഗീകരിച്ച കോടതി ഭിന്നശേഷി വിഭാഗക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കമീഷന് ഇത്തരത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

നിയമപ്രകാരം ശിപാർശയോ ഉപദേശമോ നൽകാനേ ഭിന്നശേഷി കമീഷന് അധികാരമുള്ളൂ. കേന്ദ്ര-സംസ്ഥാന സർക്കാർ സർവിസുകളിൽ നിയമനം നൽകണമെന്ന് ഉത്തരവിടാനാവില്ല.

ഉദ്യോഗാർഥിക്ക് നിയമനം നൽകാനുള്ള കമീഷൻ ഉത്തരവ് അധികാരപരിധി കടന്നുള്ളതായതിനാൽ നിയമപരമായി നിലനിൽക്കില്ല.

സർക്കാർ സർവിസിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലുകളാണ് പരിഗണിക്കേണ്ടതെന്ന്​ വ്യക്തമാക്കിയ കോടതി കമീഷൻ ഉത്തരവ്​ റദ്ദാക്കി.

Exit mobile version