സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാകണം; ചെലവ് സ്വന്തം ഫണ്ടിൽനിന്ന്

കേന്ദ്ര ഭിന്നശേഷി അവകാശനിയമം 2016-ൽ നിലവിൽവന്നെങ്കിലും സംസ്ഥാനത്തുൾപ്പെടെ പലയിടങ്ങളിലും സർക്കാർ ഓഫീസുകളും പൊതു ഇടങ്ങളുമുൾപ്പെടെ ഇപ്പോഴും ഭിന്നശേഷിക്കാർക്ക് അപ്രാപ്യം. പൊതുസംവിധാനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് പല ഉത്തരവുകളും മാർഗനിർദേശങ്ങളുമുണ്ടെങ്കിലും ഇതുവരെ ഈ ലക്ഷ്യം കൈവരിക്കാനായിട്ടില്ല.

ഇതേത്തുടർന്ന് സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ കീഴിലുള്ള സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും പൊതുസംവിധാനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ സാമൂഹികനീതിവകുപ്പ് നിർദേശം നൽകി.

കേന്ദ്രസർക്കാരിന്റെ ‘ആക്സസിബിൾ ഇന്ത്യ കാംപെയ്‌ൻ’ പദ്ധതിയുടെയും സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ ‘ബാരിയർ ഫ്രീ കേരള’ പദ്ധതിയുടെയും ഫണ്ടുപയോഗിച്ച് സർക്കാർ ഓഫീസുകളും മറ്റും ഭിന്നശേഷി സൗഹൃദമാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇനിയും പൂർണലക്ഷ്യം കൈവരിച്ചിട്ടില്ല.

പല ഓഫീസുകളും ഇപ്പോൾ ഭിന്നശേഷിക്കാർക്ക് കടന്നുചെല്ലാനാകാത്ത സ്ഥിതിയിലാണ്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലേക്ക് പ്രവേശിക്കാൻ റാംപോ മുകൾനിലകളിലെ ഓഫീസുകളിലേക്കെത്താൻ ലിഫ്റ്റോ ഇല്ലാത്ത സ്ഥിതിയാണ്.

ഈ സാഹചര്യത്തിലാണ് ഓരോ വകുപ്പും ഇക്കാര്യം ഉറപ്പാക്കാൻ സാമൂഹികനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള നിർദേശം നൽകിയത്. ഇതിനുവേണ്ടിവരുന്ന ചെലവ് വകുപ്പുകൾ സ്വന്തം ഫണ്ടിൽനിന്ന് കണ്ടെത്തണം.

കേന്ദ്ര ഭിന്നശേഷി അവകാശനിയമത്തിൽ പറയുന്നപ്രകാരവും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച 2017-ലെ ചട്ടപ്രകാരവും വിജ്ഞാപനം ചെയ്തിട്ടുള്ള മാർഗനിർദേശങ്ങളും നിലവാരവും പാലിച്ചുവേണം ഇത് നടപ്പാക്കാൻ.

SJD-A2-250-2024-SJD
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button