തിരുവനന്തപുരം: സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള സാമൂഹ്യനീതി വകുപ്പിന്റെ ബാരിയർ ഫ്രീ (തടസരഹിതം) പദ്ധതി ഫണ്ടില്ലാത്തതുമൂലം പാതിവഴിയിൽ നിലച്ചു.
2015ലാണ് തുടങ്ങിയത്. ഇതുവരെ നടപ്പാക്കിയത് സർക്കാർ സ്കൂളുകളുൾപ്പെടെ 2200 ഇടങ്ങളിൽ മാത്രം.
കണ്ണൂർ ജില്ലയിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി.
ഭിന്നശേഷിക്കാർക്ക് സർക്കാർ ഓഫീസുകളിലടക്കം വീൽച്ചെയറിൽ കയറാൻ കഴിയുന്ന റാമ്പുകൾ നിർമ്മിക്കുന്നതുൾപ്പെടെയാണ് പദ്ധതിയിൽ.
മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും ഫണ്ട് നൽകാൻ വകുപ്പിന് കഴിയാത്തതാണ് തടസം.
അതിനാൽ, സ്ഥാപനങ്ങൾ സ്വന്തംനിലയിൽ നടപ്പാക്കുന്നതിന് നിർദ്ദേശം നൽകണമെന്നു കാട്ടി മൂന്നുമാസം മുമ്പ് സർക്കാരിന് കത്തു നൽകിയെങ്കിലും നടപടിയായില്ല. സ്വകാര്യ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാണോ എന്ന് പരിശോധിക്കാനും കാര്യമായ സംവിധാനമില്ല.
സ്വകാര്യസ്ഥാപനങ്ങളടക്കം ഭിന്നശേഷി സൗഹൃദമായിരിക്കണമെന്ന കേന്ദ്ര നിയമവും കൃത്യമായി പാലിക്കപ്പെടുന്നില്ല.
2017ൽ പുതിയ നിയമം വന്നശേഷം നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കാണ് ബാധകമാക്കിയിരുന്നത്. ഇതുവരെ 10% കെട്ടിടങ്ങളിലേ നടപ്പായുള്ളൂ.
കെട്ടിടത്തിന്റെ പ്ളാൻ ഭിന്നശേഷി സൗഹൃദവും നിർമ്മാണം അതിന് വിരുദ്ധവുമാണെങ്കിൽ നമ്പർ നൽകരുതെന്ന് നിയമത്തിലുണ്ട്. അത് ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ്.
2017ന് മുമ്പുള്ള കെട്ടിടങ്ങൾ അഞ്ച് വർഷത്തിനകം ഭിന്നശേഷി സൗഹൃദമാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞവർഷം അവസാനിച്ചു. ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
ഭിന്നശേഷി സൗഹൃദം
- കെട്ടിടങ്ങളിൽ റാമ്പ് സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റുകൾ
- പൊതുഇടങ്ങളിൽ വീൽച്ചെയർ, വാക്കിംഗ് സ്റ്റിക്ക്, ക്രച്ചസ് ലഭ്യമാക്കൽ
- വൈറ്റ് കെയ്‌ൻ ഉപയോഗിക്കുന്നവർക്ക് സഹായകരമായ തറകൾ
- ഭിന്നശേഷി സൗഹൃദ ദിശാസൂചകങ്ങൾ