ഭിന്നശേഷി സംവരണം മറ്റു വിഭാഗങ്ങളെ ബാധിക്കില്ല: മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: ഭിന്നശേഷി സംവരണം മറ്റു മതവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ആര്‍ ബിന്ദു.ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ ഏതെങ്കിലും വിഭാഗത്തിന് സംവരണം കുറവ് വരുത്തുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തില്‍ ഒരു കുറവും വരാത്ത രീതിയിലായിരിക്കും ഭിന്നശേഷി സംവരണം നടപ്പാക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഈകാര്യം വ്യക്തമാക്കിയത്.

നിലവില്‍ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നാലു ശതമാനം ഭിന്നശേഷി സംവരണം ഔട്ട് ഓഫ് ടേണ്‍ ആയാണ് നടപ്പാക്കുന്നത്. ഇത് നിലവിലുള്ള സാമുദായിക സംവരണത്തെ ബാധിക്കുന്നില്ല.

സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷി സംവരണം ഇന്‍-ടേണ്‍ ആയി നടപ്പാക്കേണ്ടതുണ്ട്. ഇതിന് കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടിവരും.ഇക്കാര്യം പി.എസ്.സിയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പും നിയമവകുപ്പും കൂടിയാലോചനകള്‍ നടത്തിയശേഷം പി.എസ്.സിയുടെ ഉപദേശം തേടിയിരിക്കുകയാണ്. ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോള്‍ ചട്ടഭേദഗതി പ്രാബല്യത്തില്‍ വരും.

സംവരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതയുണ്ടാക്കുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
Exit mobile version