തിരുവനന്തപുരം: ആവശ്യങ്ങളല്ല, അവകാശങ്ങൾ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണു സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികളും മാതാപിതാക്കളും സ്പെഷൽ സ്കൂൾ അധ്യാപകരും.
ബജറ്റിലെ വമ്പൻ തുകകൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമ്പോഴും ധനസഹായത്തിനുള്ള നിയമങ്ങൾ കർശനമാക്കുമ്പോഴും സങ്കടം ആരോടു പറയണം എന്നറിയാതെ വിഷമിക്കുകയാണിവർ.
18 വയസ്സ്; അതുകഴിഞ്ഞ് ?
സംസ്ഥാനത്തു സ്പെഷൽ സ്കൂളുകൾ ആരംഭിച്ചിട്ട് 60 വർഷമായി. ഒരു സ്പെഷൽ സ്കൂൾ മാത്രമാണു സർക്കാർ നേരിട്ടു നടത്തുന്നത്. ബാക്കി 290ലേറെ സ്കൂളുകൾ നടത്തുന്നതു സന്നദ്ധ സംഘടനകളാണ്.
കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതാണു ബുദ്ധിപരമായ പരിമിതി, ഓട്ടിസം, സെറിബ്രൽ പാഴ്സി, ബഹുവൈകല്യം എന്നിവ. ഈ വിഭാഗങ്ങളിലുൾപ്പെടുന്ന 25,000ലേറെ കുട്ടികളാണു സ്കൂളുകളിൽ പഠിക്കുന്നത്. 5000 ജീവനക്കാരുമുണ്ട്.
* സ്കൂൾ എന്ന കാറ്റഗറിയിൽ 4 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളാണുള്ളത്. മുൻപ് 18 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും സഹായം ലഭിക്കുമായിരുന്നു. എന്നാൽ, 18 വയസ്സിനു മുകളിലുള്ളവരുള്ള സ്കൂളുകൾക്ക് ഗ്രാന്റ് നൽകേണ്ട എന്നു സർക്കാർ തീരുമാനിച്ചു. കേരളത്തിലെ സ്കൂളുകളിലെ ഏറെപ്പേരും 18 വയസ്സിനു മുകളിലുള്ളവരാണ്. ഇതുമൂലം ഒട്ടേറെ സ്കൂളുകൾക്ക് ഒരു രൂപ പോലും ഗ്രാന്റ് ലഭിക്കാതെ വരുന്നു.
* ഗ്രാന്റ് ഉണ്ടെങ്കിൽ 28,000–32,000 രൂപ വരെയാണ് അധ്യാപകർക്കു മാസം ലഭിക്കുക. ഗ്രാന്റ് ഇല്ലാതായതോടെ മാസം 10,000 രൂപ മാത്രമാണു ലഭിക്കുന്നതെന്ന് 32 വർഷ സർവീസുള്ള ഒരു പ്രഥമാധ്യാപിക പറഞ്ഞു. പെൻഷൻ, പിഎഫ് മുതലായ ആനുകൂല്യങ്ങളും ഇല്ല.
* 18 വയസ്സു കഴിഞ്ഞ കുട്ടികളെ വീട്ടിലാക്കിയാൽ ആരു സംരക്ഷിക്കും എന്ന ചോദ്യമുയരുന്നു. ഒന്നിലധികം ഭിന്നശേഷി കുട്ടികളുള്ള വീടുകളുടെ സ്ഥിതിയും ക്ലേശത്തിലാണ്. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്ന സ്കൂളുകളിൽ 23 വയസ്സുവരെയുള്ളവരെ പരിഗണിക്കുന്നുണ്ട്.
* 18 വയസ്സിനു മുകളിലുള്ളവരുടെ ഉച്ചക്കഞ്ഞി വിതരണവും നിലച്ചേക്കാമെന്ന ആശങ്കയുമുണ്ട്.
പരിഹരിക്കാൻ ഒട്ടേറെ
* സ്പെഷൽ സ്കൂളുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ 20 കുട്ടികളെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ, ബഡ്സ് സ്കൂളുകളിൽ ഒരു കുട്ടിയെങ്കിലുമുണ്ടെങ്കിൽ ധനസഹായം നൽകും.
* യുണിക്ക് ഡിസബിലിറ്റി (യുഡിഐഡി) കാർഡ് ലഭിക്കുന്നതിനായി ഭിന്നശേഷി സർട്ടിഫിക്കറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണു നൽകേണ്ടത്. പലപ്പോഴും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസൗകര്യം നിമിത്തം ഇതു ലഭിക്കാറില്ല.
ഭിന്നശേഷിക്കുട്ടികളും രക്ഷിതാക്കളും ധർണ നടത്തി
കേരള സർക്കാർ ഗ്രാൻഡ് നൽകുന്ന സ്‌പെഷൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പ്രായപരിധി 23 വയസ്സായി പുനർനിശ്ചയിക്കുക, 2018 നു ശേഷമുള്ള അപേക്ഷകൾ കൂടി പരിഗണിച്ച് ആശ്വാസ കിരണം കുടിശികയില്ലാതെ നൽകുക, ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും സമയബന്ധിതമായി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂൾ, അധ്യാപക, രക്ഷാകർതൃ സംഘടനകളുടെ സംയുക്ത സമരസമിതി സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എംഎൽഎമാരായ മോൻസ് ജോസഫ്, മാത്യു കുഴൽനാടൻ, സമരസമിതി ചെയർമാൻ ഫാ.റോയ് മാത്യു വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.