കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ചും ശരിവച്ചു.
2018 നവംബർ 18 ലെ സർക്കാർ ഉത്തരവ് നേരത്തെ സിംഗിൾബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ എൻ.എസ്.എസ് കോളേജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും കാത്തലിക് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യവും ഗുരുവായൂർ ദേവസ്വവും നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻബെഞ്ച് വിധി പറഞ്ഞത്.
1996 ഫെബ്രുവരി മുതലുള്ള ഒഴിവുകളിൽ മൂന്നുശതമാനവും 2017 ഏപ്രിൽ മുതലുള്ള ഒഴിവുകളിൽ നാലുശതമാനവും സംവരണം ഭിന്നശേഷിക്കാർക്ക് നൽകണമെന്നായിരുന്നു സർക്കാർ ഉത്തരവ്.
എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നായിരുന്നു അപ്പീലിലെ പ്രധാനവാദം.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണ് സർക്കാരിന്റെ ഉത്തരവെന്നും അപ്പീലിൽ വാദമുയർന്നു.
എന്നാൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ സംവരണം പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇൗ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും സർക്കാരാണ് ശമ്പളംനൽകുന്നത്. സർക്കാർ സ്ഥാപനങ്ങളിലേക്ക് ഇവർക്കുള്ള തസ്തിക നിർണയിച്ചു നൽകിയത് എയ്ഡഡ് സ്ഥാപനങ്ങൾക്കും ബാധകമായിരുന്നു. എന്നാൽ ഇതു നടപ്പാക്കിയില്ലെന്നുകണ്ടാണ് പ്രത്യേക ഉത്തരവിറക്കിയത്.
ഭിന്നശേഷിക്കാർക്ക് തുല്യഅവസരം ഉറപ്പുനൽകുന്ന 1995ലെ നിയമം, ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള 2016ലെ നിയമം എന്നിവ പ്രകാരം ഇക്കൂട്ടർക്ക് സംവരണം നൽകാൻ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുണ്ടെന്നും ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി.
തുടർന്നാണ് അപ്പീലുകൾ തള്ളിയത്.