ചരിത്ര നേട്ടത്തിലേക്ക് ജിലു കാറോടിച്ചു കയറി

പാലക്കാട്. വര്‍ഷങ്ങളായി മനസ്സിന്‍റെ ഫീല്‍ഡില്‍ എച്ച് എടുത്ത് ഉറപ്പിച്ച മോഹം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇടുക്കി തൊടുപുഴ സ്വദേശിനി ജിലുമോള്‍.

ജന്മനാ ഇരുകൈകളുമില്ലാത്ത ജിലുമോള്‍ക്ക് നവകേരളസദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈമാറി. ഭിന്നശേഷി ദിനത്തലേന്ന് ചരിത്ര നേട്ടത്തിലേക്കാണ് ജിലു കാറോടിച്ചു കയറിയത്.

ഡ്രൈവിങ് ലൈസൻസ് ഏറ്റുവാങ്ങിയതോടെ, ഇരു കൈകളുമില്ലാതെ വാഹനമോടിക്കുന്ന ആദ്യ ഏഷ്യക്കാരിയായി മാറിയിരിക്കുകയാണ് ഇടുക്കി സ്വദേശിയായ ജിലു.

ആ പരിശ്രമത്തിനു പിന്തുണ നൽകിയ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശനും ജിലുവിനൊപ്പം ഉണ്ടായിരുന്നു.

വാഹനത്തിന് ആവശ്യമായ മാറ്റം വരുത്തിയാണ് ജിലുവിന്റെ ഡ്രൈവിംഗ്. ജിലു കാറോടിച്ചപ്പോള്‍ മന്ത്രി രാജീവും ഒപ്പമുണ്ടായിരുന്നു.

അഞ്ചു വർഷമായി ഫോർ വീൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ജിലു. മോട്ടർവാഹന വകുപ്പ് അപേക്ഷ നിരസിച്ചപ്പോൾ ഹൈക്കോടതിയെ സമീപിച്ചു.

അപേക്ഷ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചപ്പോൾ, കാറിൽ രൂപമാറ്റം വരുത്തി നൽകണമെന്നായി. രൂപമാറ്റം വരുത്തിയ കാറുമായി ചെന്നപ്പോഴും മോട്ടർ വാഹന വകുപ്പ് അധികൃതർ മടക്കി അയച്ചതോടെയാണു ഭിന്നശേഷി കമ്മിഷണര്‍ എസ്എച്ച് പഞ്ചാപ കേശന്‍ ഇടപെട്ടത്.

ലൈസൻസ് ഏറ്റുവാങ്ങിയ ജിലു കാലുകൾകൊണ്ടു വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിനു സമ്മാനിച്ചതും കൗതുകമായി.

Exit mobile version