എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചുകൾ വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത വിപുലീകരിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിൽ-വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

ഭിന്നശേഷിയുള്ളവരെ തൊഴില്‍പരമായി സ്വയം പര്യാപ്‌തരാക്കുന്നതിന് എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളിലൂടെ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കും.

ഇനി മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ നല്‍കിവരുന്ന യാത്രാസൗജന്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ‘സെറിബ്രല്‍ പാള്‍സി’  ബാധിതരായവര്‍ക്ക് പൂര്‍ണമായും സൗജന്യയാത്ര അനുവദിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ ഗതാഗതമന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു.

ഭിന്നശേഷി കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെയും യു ഡി ഐഡി കാര്‍ഡിന്റേയും വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഡി സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ മനസിലാക്കുന്നതിന് എത്തിച്ചേര്‍ന്ന ഉത്തരാഖണ്ഡ്  വിദ്യാഭ്യാസവകുപ്പ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ് വൈ ഷൂജ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. റീന കെ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മിഴിവേകി. പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് സമഗ്രശിക്ഷയുടെ ഉപഹാരം നല്‍കി.

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയ്ക്കായിരുന്നു സംഘാടന ചുമതല.

Exit mobile version