
പി.കെ. ശങ്കരന്‍കുട്ടി
1995-ല്‍ അംഗപരിമിതര്‍ക്കുള്ള സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കിക്കൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം പാസാക്കി
1995-ലെ അംഗപരിമിതര്‍ക്കുള്ള നിയമം (Persons with Disabilities Act 1995) ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നതുവരെ ഭരണഘടനാസാധുതയുള്ള നിയമങ്ങളൊന്നും വികലാംഗര്‍ക്കായി ഉണ്ടായിരുന്നില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇറക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവുകളുടെ വെളിച്ചത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കിപ്പോന്നത്.
അന്നൊക്കെ വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാന്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍നിന്നും ഉദ്യോഗാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുമ്പോള്‍ സംവരണ-സംവരണേതര വിഭാഗങ്ങളില്‍ ഓരോ ലിസ്റ്റിലും അധികമായി വികലാംഗരെയും (അഡീഷണല്‍ പി.എച്ച്.) ഉള്‍പ്പെടുത്തിയിരുന്നു.
തൊഴിലുടമ വികലാംഗരെ നിയമിക്കുകയോ നിയമിക്കാതിരിക്കുകയോ ചെയ്യും.
അന്ന് വികലാംഗരില്‍ അസ്ഥിവൈകല്യമുള്ളവര്‍ (ഓര്‍ത്തോ), ബധിരര്‍, അന്ധരും മൂകരും എന്നീ മൂന്ന് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്.
ഇവര്‍ ഒരുമിച്ച് വികലാംഗര്‍ അഥവാ P.H. എന്നാണ് അറിയപ്പെട്ടിരുന്നത്.
നിയമനം നടത്തുമ്പോള്‍ മിക്കവാറും അസ്ഥിവൈകല്യമുള്ള (ഓര്‍ത്തോ) വിഭാഗക്കാര്‍ക്കാണ് പരിഗണന ലഭിച്ചുപോന്നത്.
1981-ല്‍ ലോകമെമ്പാടും അന്താരാഷ്ട്ര വികലാംഗവര്‍ഷമായി ആചരിച്ചു.
കേരളത്തില്‍ വിവിധ വികലാംഗ സംഘടനകളുടെ അഭ്യര്‍ഥന മാനിച്ചുകൊണ്ട് 1981 കലണ്ടര്‍വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നോക്കിയ എല്ലാ താത്കാലിക വികലാംഗ ജീവനക്കാരെയും ഒഴിവുള്ള വകുപ്പുകളില്‍ അതത് തസ്തികകളില്‍ സ്ഥിരനിയമനം നടത്താന്‍ 1982-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയും അത് നടപ്പാക്കുകയും ചെയ്തു.
തുടര്‍ന്ന് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ താത്കാലികനിയമനം കിട്ടിയ വികലാംഗരെ ഘട്ടംഘട്ടമായി സ്ഥിരപ്പെടുത്തുകയും ഒഴിവില്ലാത്തിടങ്ങളില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കുകയും ചെയ്തിട്ടുണ്ട്.
1995-ല്‍ അംഗപരിമിതര്‍ക്കുള്ള സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കിക്കൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം പാസാക്കി.
ഇതേ തുടര്‍ന്ന് വികലാംഗരെ ഓര്‍ത്തോ, ബധിര-മൂകവിഭാഗം, അന്ധര്‍ എന്നിങ്ങനെ മൂന്ന് വിഭാഗക്കാരായി തിരിച്ച് അവര്‍ക്ക് തൊഴില്‍സംവരണം ഉറപ്പാക്കുന്നത്.
സംവരണം നല്‍കുന്ന 100 നമ്പര്‍ സൈക്കിളില്‍ യഥാക്രമം 33, 66, 99 ടേണുകള്‍ അവര്‍ക്കായി നീക്കിവെച്ചു.
അപ്പോഴും വികലാംഗരുടെ നിയമനം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളും ഇതേ രീതിയില്‍തന്നെയായിരുന്നു.
ഭിന്നശേഷിക്കാര്‍ക്കായി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്
2000-ത്തില്‍ ഓരോ വര്‍ഷവും ഓരോ ജില്ലയിലും വിവിധ തസ്തികകളില്‍ 50 വീതം ഒഴിവുകളിലേക്ക് വികലാംഗര്‍ക്കായി പ്രത്യേക സ്ഥിരം നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അഥവാ വികലാംഗര്‍ക്കായുള്ള പ്രത്യേക സബ് റീജണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായി ഒരു കമ്മിറ്റിയും രൂപവത്കരിച്ചു.
ഈ രീതിയിലുള്ള നിയമനം ആറേഴുവര്‍ഷം തുടര്‍ന്നു. അപ്പോഴും ഇതുകൂടാതെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള താത്കാലിക നിയമനങ്ങളില്‍ക്കൂടി വികലാംഗരെ പരിഗണിച്ചുപോന്നു.
ആയിരമോ അതിലധികമോ വികലാംഗര്‍ തൊഴില്‍ലഭ്യതയ്ക്കായി ഓരോ താലൂക്കിലുമുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ താലൂക്ക് തലത്തില്‍ രൂപവത്കരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയനുസരിച്ച് രൂപവത്കരിച്ച വികലാംഗര്‍ക്ക് മാത്രമായുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ കേരളത്തിപ്പോള്‍ ആറെണ്ണമുണ്ട്.
ആദ്യമായി രൂപവത്കരിച്ചത് തിരുവനന്തപുരം താലൂക്കിലാണ്.
തിരുവനന്തപുരം കൂടാതെ നെയ്യാറ്റിന്‍കര, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പിന്നീട് വികലാംഗര്‍ക്കുള്ള സ്ഥിരം സംവരണനിയമനങ്ങള്‍ കേരളസര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ പബ്ലിക് സര്‍വീസ് കമ്മിഷന് കൈമാറി.
വിവിധ വകുപ്പുകളിലെ ഓരോ തസ്തികയിലും മൂന്നുശതമാനം വികലാംഗര്‍ക്ക് അനുവദിച്ചുകൊണ്ട് ബാക്ക്ലോഗ് ഉള്‍പ്പെടെയാണ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിയമനം ആരംഭിച്ചിട്ടുള്ളത്.
ഭിന്നശേഷി നിയമം- 2016
1995-ലെ ഭിന്നശേഷി നിയമം റദ്ദ് ചെയ്തുകൊണ്ട് 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം പാസാക്കിയെടുത്തു. ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 എന്നാണ് അത് അറിയപ്പെടുന്നത്.
2017 ഏപ്രില്‍ 19 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു.
ഭിന്നശേഷിക്കാരുടെ വിവിധ അവകാശങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ഈ നിയമത്തില്‍ വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴില്‍ ലഭ്യമാക്കല്‍, അവകാശങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണം എന്നിവ കൂടാതെ നാലാമതായി ശാരീരിക-മാനസിക വൈകല്യങ്ങളുള്ള ഒരു വിഭാഗത്തെക്കൂടി ഭിന്നശേഷിക്കാരുടെ പട്ടികയില്‍ പെടുത്തുകയുണ്ടായി.
മള്‍ട്ടിപ്പിള്‍ ഡിസ്ഓര്‍ഡര്‍ വിഭാഗമാണവര്‍.
ഇതനുസരിച്ച് നിലവിലുള്ള മൂന്നുവിഭാഗങ്ങളെ കൂടാതെ മസ്‌കുലര്‍ ഡിസ്ട്രോഫി, മള്‍ട്ടിപ്പിള്‍ സ്‌കീളോറോസിസ്, ഹ്രസ്വകായത്വം, പഠനവൈകല്യം, സംസാര-ഭാഷാവൈകല്യം, ബുദ്ധിപരമായ വെല്ലുവിളി, മാനസികരോഗം, ഓട്ടിസം, കുഷ്ഠരോഗ വിമുക്തത, ഹീമോഫീലിയ, തലാസീമിയ, അരിവാള്‍ സെല്‍ രോഗം, സെറിബ്രല്‍ പാള്‍സി, ഹാര്‍ഡ് ഓഫ് ഹിയറിങ്, ആസിഡ് ആക്രമണ വിധേയര്‍, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയില്‍ പെടുന്നവര്‍ പുതുതായി തീരുമാനിച്ച ബഹുവൈകല്യത്തില്‍ (multiple disabilities) പെടും.
പുതിയ നിയമമനുസരിച്ച് സംവരണവും വയസ്സിളവുമുള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ ഈ നാലുവിഭാഗങ്ങള്‍ക്കും ലഭിക്കും.
ഈ സാഹചര്യത്തില്‍ അംഗപരിമിതര്‍ക്കുള്ള തൊഴില്‍സംവരണം മൂന്നുശതമാനത്തില്‍നിന്ന് നാല് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട മെഡിക്കല്‍ ബോര്‍ഡ് ഓരോ വിഭാഗത്തിലും 40 ശതമാനം വൈകല്യം രേഖപ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാലേ അംഗപരിമിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു.
വയസ്സിളവും സംവരണവും
തൊഴിലുകള്‍ നേടാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാഗങ്ങള്‍ക്കും 10 വര്‍ഷത്തെ വയസ്സിളവാണ് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ കേരളസര്‍ക്കാര്‍ ഓര്‍ത്തോ (അസ്ഥിവൈകല്യം) വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ വയസ്സിളവും മറ്റ് രണ്ടുവിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെ വയസ്സിളവുമാണ് നല്‍കിവരുന്നത്.
പുതിയതായി കൂട്ടിച്ചേര്‍ത്ത നാലാംവിഭാഗത്തിനുള്ള വയസ്സിളവ് തീരുമാനിക്കേണ്ടതായിട്ടുണ്ട്.
നിലവിലുള്ള 100 നമ്പര്‍ റോസ്റ്ററില്‍ 1, 26, 51, 76 എന്നീ ടേണുകളില്‍ അധികമായി ഓരോ ടേണുകള്‍ അംഗപരിമിത വിഭാഗങ്ങള്‍ക്കായി നല്‍കണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഇതനുസരിച്ച് ഒന്നാം ടേണ്‍ അന്ധര്‍ക്കും ഗുരുതരമായ കാഴ്ചപരിമിതിയുള്ളവര്‍ക്കും 26-ാം ടേണ്‍ ബധിരമൂകര്‍ക്കും 51-ാം ടേണ്‍ ഓര്‍ത്തോ (ചലനവൈകല്യ) വിഭാഗത്തിനും പുതിയതായി ചേര്‍ത്ത മള്‍ട്ടിപ്പിള്‍ ഡിസോര്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 76-ാം ടേണും ലഭിക്കും.
ഓരോ വിഭാഗത്തിലും യോഗ്യരായവര്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത അംഗപരിമിത വിഭാഗക്കാര്‍ക്ക് അതിലേക്ക് അവസരം ലഭിക്കും.
നാല് വിഭാഗങ്ങളിലും യോഗ്യരായവര്‍ ഇല്ലാതെവന്നാല്‍ ആ ഒഴിവ് ഓപ്പണ്‍ വിഭാഗത്തിലേക്ക് പോകും.
ഈ സംവരണരീതി കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ നടപ്പാക്കിക്കഴിഞ്ഞു.
ഈ വര്‍ഷത്തെ കേന്ദ്ര സിവില്‍ സര്‍വീസ് മേഖലയില്‍ ഉണ്ടായിട്ടുള്ള 896 ഒഴിവുകളില്‍ 39 ഒഴിവുകള്‍ നിലവിലെ നാല് വിഭാഗം അംഗപരിമിതര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംവരണം ചെയ്തിട്ടുണ്ട്.
അതനുസരിച്ച് എട്ട് ഒഴിവുകള്‍ അന്ധര്‍ക്കും തീരെ കാഴ്ചക്കുറവുള്ളവര്‍ക്കും 11 ഒഴിവുകള്‍ ബധിരര്‍ക്കും തീരെ കേള്‍വിക്കുറവുള്ളവര്‍ക്കും 15 ഒഴിവുകള്‍ ചലനവൈകല്യമുള്ളവര്‍ക്കും (ഓര്‍ത്തോ) അനുബന്ധ മേഖലകളിലുള്ളവര്‍ക്കും അഞ്ച് ഒഴിവുകള്‍ മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റിക്കാര്‍ക്കുമാണ് നീക്കിവെച്ചിട്ടുള്ളത്.
2016-ലെ പുതിയ നിയമമനുസരിച്ച് അംഗപരിമിതര്‍ക്കായുള്ള സംവരണവും വയസ്സിളവും നടപ്പാക്കുന്ന രീതി എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ചുള്ള രൂപരേഖ സംസ്ഥാന സര്‍ക്കാരിന്റെ സജീവപരിഗണനയിലാണ്.
തൊഴില്‍ രഹിതര്‍ കൂടുതല്‍ തലസ്ഥാനത്ത്
എംപ്ലോയ്മെന്റ് വകുപ്പിലെ ഔദ്യോഗിക കണക്കനുസരിച്ച് 31.3.19 വരെ കേരളത്തില്‍ തൊഴിലിനായി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണം 35.8 ലക്ഷമാണ്.
അവരില്‍ 74187 പേര്‍ ഭിന്നശേഷിക്കാരാണ്. 44120 പുരുഷന്മാരും 30067 സ്ത്രീകളും അവരില്‍പ്പെടും.
ഏറ്റവും കൂടുതല്‍ ഭിന്നശേഷി വിഭാഗത്തിലുള്ള തൊഴില്‍രഹിതരുള്ളത് തിരുവനന്തപുരം ജില്ലയിലാണ് – 12701 പേര്‍. രണ്ടാംസ്ഥാനം കോഴിക്കോട് ജില്ലയ്ക്കാണ്-8097 പേര്‍.
വിവിധയിനം സ്വയംതൊഴില്‍ പരിശീലനങ്ങളും സ്വയംതൊഴില്‍ സംരംഭങ്ങളും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, സംസ്ഥാന സാമൂഹ്യ നീതിവകുപ്പ്, കേന്ദ്രസര്‍ക്കാരിന്റെ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവ വഴി അംഗപരിമിതര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
കടപ്പാട്: മാതൃഭൂമി തൊഴില്‍വാര്‍ത്ത