ഭിന്നശേഷി വിഭാഗങ്ങൾക്ക് പരീക്ഷാ ആനുകൂല്യങ്ങൾ

തിരുവനന്തപുരം: ഭിന്നശേഷിയുള്ള എല്ലാ വിഭാഗം കുട്ടികൾക്കും 2022-23 അദ്ധ്യയന വർഷത്തെ പൊതുപരീക്ഷകളിൽ പരീക്ഷാ ആനുകൂല്യം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

അധിക സമയം,​ സ്ക്രൈബിന്റെ സേവനം,​ ഗ്രേസ് മാർക്ക് തുടങ്ങിയവയാണ് ആനുകൂല്യങ്ങൾ.

എഴുത്ത് പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും മാത്രമല്ല ,വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ടേം പരീക്ഷകൾ,​ പൊതുപരീക്ഷകൾ,​ സപ്ളിമെന്ററി പരീക്ഷകൾ എന്നിവയ്‌ക്കും ഉത്തരവ് ബാധകമാണ്.

2016ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരമുള്ള പരീക്ഷാ സഹായങ്ങൾ ബോർഡർ ലൈൻ വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കും അനുവദിക്കണമെന്ന് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഉത്തരവ്.

കാഴ്ച പരിമിതി,​ ലോ വിഷൻ,​ ലെപ്രസി ക്യുവേർഡ്,​ ശ്രവണ പരിമിതി,​ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി 21 വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പരീക്ഷാ ആനുകൂല്യം ലഭിക്കുക.

സർക്കാർ അംഗീകൃത മെഡിക്കൽ ബോർഡ്/അതോറിട്ടി നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റുള്ള വിദ്യാർത്ഥികൾക്കാണിത്.

40 ശതമാനമോ അതിൽ കൂടുതലോ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് ബ്രെയിൽ ലിപി,​ കംപ്യൂട്ടർ സഹായം,​ ലാർജ് പ്രിന്റ്,​ ഉത്തരങ്ങൾ റെക്കാഡ് ചെയ്യുന്ന രീതി എന്നിവ പ്രയോജനപ്പെടുത്താം.

എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന പരീക്ഷാ ആനുകൂല്യ ലിസ്റ്റിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിനും അവർ നേടുന്ന മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് അനുവദിക്കും.

സ്ക്രൈബിനെ അനുവദിക്കുന്നവർക്ക് മണിക്കൂറിന് 20 മിനിട്ട് അധിക സമയം അനുവദിക്കും.

Exit mobile version