തിരുവനന്തപുരം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും പാളയം സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ നിര്‍വഹിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഉണര്‍വ് 2021 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരികയും അവരുടെ പ്രശ്നങ്ങളിലേക്ക് പൊതുജനശ്രദ്ധ എത്തിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ജില്ലയിലെ 15 ബഡ്സ് സ്‌കൂളുകളുടേയും 16 സ്പെഷ്യല്‍ സ്‌കൂളുകളുടേയും നിഷ്, സാമൂഹ്യ സുരക്ഷാ മിഷന്‍, സാമൂഹ്യനീതി വകുപ്പ് എന്നിവയുടേയും സ്റ്റാളുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. കരകൗശല വസ്തുക്കളുടെ പ്രദര്‍ശന സ്റ്റാളുകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു.
പ്ലാസ്റ്റിക്കും വിവിധതരം പാഴ് വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, നെറ്റിപ്പട്ടം, മുളകൊണ്ടും ഈറ്റ കൊണ്ടും നിര്‍മ്മിച്ച വസ്തുക്കള്‍ തുടങ്ങിയവയാണ് സ്റ്റാളുകളില്‍ ഉണ്ടായിരുന്നത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, വികലാംഗ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം ഷൈനിമോള്‍, ഭിന്നശേഷി സംഘടന പ്രീതിനിധികൾ എന്നിവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.