ഭിന്നശേഷിക്കാരുടെ മസ്റ്ററിംഗ് 28 വരെ നീട്ടണമെന്ന് കമ്മീഷൻ

ഫെബ്രുവരി 28 വരെ മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് സമയപരിധി നീട്ടണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാകേശൻ സർക്കാരിന് ശുപാർശ ഉത്തരവു നൽകി.

സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി ഒന്ന് മുതൽ 20 വരെയുള്ള കാലയളവിനുള്ളിൽ ഭിന്നശേഷി ആനുകൂല്യങ്ങൾക്കായുള്ള മസ്റ്ററിംഗ് തടസപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് നടപടി.

ശയ്യാവലംബികളായ ഭിന്നശേഷിക്കാരുടെ മസ്റ്ററിംഗ് വേഗത്തിലാക്കാൻ അക്ഷയ സെന്റർ അധികൃതർ ഭിന്നശേഷിക്കാരുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തണം.

വിരൽ പതിപ്പ് എടുക്കാൻ കഴിയാത്തത് മൂലം ആധാർകാർഡ് നിഷേധിക്കപ്പെട്ട ഭിന്നശേഷിക്കാരുടെ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റേയോ മുൻസിപ്പൽ ചെയർമാന്റേയോ കോർപ്പറേഷൻ മേയറുടേയോ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള തീരുമാനമെടുക്കമെന്നും കമ്മീഷൻ ശുപാർശ ഉത്തരവ് നൽകി.

പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്.

മസ്റ്ററിംഗ് ചെയ്യുന്നതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.

ഗുണഭോക്താക്കള്‍ക്ക് തികച്ചും സൌജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ക്കാവശ്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ പണം ആവശ്യപെട്ടാല്‍ തദ്ദേശസ്ഥാപനത്തിലോ, അക്ഷയ ജില്ലാ ഓഫീസിലോ പരാതി നല്‍കാവുന്നതാണ്.

Exit mobile version