സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സ് 26ന്

നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സ് ഈ മാസം 26ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു.

പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം തിരുവനന്തപുരം പിഎംജിയിലെ കേരള സംസ്ഥാന സയൻസ് ടെക്‌നോളജി മ്യൂസിയം കോൺഫറൻസ് ഹാളിൽ ചേർന്നു.

ഭിന്നശേഷിസൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന ലക്ഷ്യത്തോടെ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടി 26ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആർഡിആർ കൺവെൻഷൻ സെന്ററിൽ ആണ് നടക്കുക.മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരും ജില്ലയിലെ എംഎൽഎമാരും പങ്കെടുക്കും.

പരിപാടിയിൽ അമ്പതു പേർക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഉണ്ടാകും. മറ്റുള്ളവർക്ക് തൽസമയം ചോദ്യങ്ങൾ എഴുതി നൽകാനാവും.

ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾ, ഭിന്നശേഷിക്കാരായ കലാകായിക സാംസ്കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരും മുഖാമുഖത്തിൽ പങ്കെടുക്കും.

മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ രക്ഷാധികാരികളും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചെയർപേഴ്സനും, സാമൂഹ്യ നീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐഎഎസ്, ജനറൽ കൺവീനറും സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ ഐഎഎസ് കോഡിനേറ്ററും ആയി 1001 അംഗ ജനറൽ കമ്മിറ്റിയും 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

ഭിന്നശേഷി കൂട്ടായ്‌മ പ്രതിനിധികളായ വിനോദ് കുമാർ വി കെ, ബേബികുമാർ ബി എന്നിവർ പങ്കെടുത്തു.

Exit mobile version