ന്യൂഡൽഹി: ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണം നൽകണമെന്ന നിയമവ്യവസ്ഥയിൽനിന്ന് കേന്ദ്ര സർവീസിലെ ഏതാനും വിഭാഗങ്ങളെ ഒഴിവാക്കി. ഭിന്നശേഷി ശാക്തീകരണവകുപ്പ് 18ന് ഇതിനായി വിജ്ഞാപനം ഇറക്കി.
ജോലിസ്വഭാവം പരിഗണിച്ച് സംവരണവ്യവസ്ഥയിൽ ഇളവാകാമെന്ന 2016ലെ നിയമത്തിലെ വകുപ്പ് ദുരുപയോഗിച്ചാണ് നടപടി. ഭിന്നശേഷിക്കാരെ ദ്രോഹിക്കുന്ന കേന്ദനിലപാടിൽ കടുത്ത പ്രതിഷേധമുയര്‍ന്നു.
ഇന്ത്യന്‍ പൊലീസ് സർവീസിലെ എല്ലാ വിഭാഗം തസ്‌തികകളിലും ഭിന്നശേഷി സംവരണം ഒഴിവാക്കി. ഡൽഹി, ആൻഡമൻ ആൻഡ് നിക്കോബർ, ലക്ഷദ്വീപ്, ദാമൻ ദിയു, ഭദ്ര നഗർഹവേലി പൊലീസ് സർവീസ്, ഇന്ത്യൻ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് സർവീസ് എന്നിവയില്‍ എല്ലാവിഭാഗം തസ്തികകളിലും സംവരണം എടുത്തുകളഞ്ഞു.
എന്നാൽ, 18ന് ഇറങ്ങിയ മറ്റൊരു വിജ്ഞാപനത്തിൽ കേന്ദ്ര സായുധസേനാ പൊലീസ് വിഭാഗങ്ങളിൽ മുന്നണി തസ്‌തികകളിൽ മാത്രമാണ് ഭിന്നശേഷി സംവരണം ഒഴിവാക്കുന്നതെന്ന് വ്യക്തമാക്കുന്നു.
മിനിസ്റ്റീരിയൽ വിഭാഗം ഹെഡ്‌കോൺസ്റ്റബിൾ തസ്‌തികകളിൽ ഭിന്നശേഷിക്കാർക്ക് നിയമനം നൽകാൻ ഡൽഹി പൊലീസ് 2019 ഒക്ടോബറിൽ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് സംരക്ഷണം നൽകേണ്ടവർ വിപരീതമായി പ്രവർത്തിക്കുന്നത് ദുഃഖകരമാണെന്ന് ഭിന്നശേഷി കൂട്ടായ്‌മ ഭാരവാഹികൾ പറഞ്ഞു.