പുറത്താക്കാൻ ലൈംഗികാരോപണവുമായി സാമൂഹിക നീതി വകുപ്പ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭിന്നശേഷി കമ്മിഷണർ
സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശനെ പുറത്താക്കാൻ സാമൂഹികനീതിവകുപ്പ് അധികൃതർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ലൈംഗികാരോപണങ്ങളും.
അപകീർത്തികരമായ പരാമർശങ്ങൾക്കെതിരേ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിഷണർ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കർക്കശനിലപാടുകൾ സ്വീകരിക്കുന്നതിനാൽ കമ്മിഷണർ വകുപ്പ് അധികൃതർക്ക് അനഭിമതനാണിപ്പോൾ.
കഴിഞ്ഞ ജനുവരി ആറിന് കമ്മിഷണറുടെ മൂന്നുവർഷത്തെ സേവനകാലാവധി അവസാനിച്ചിരുന്നു. പുതിയ ആളെ നിയമിക്കണമെങ്കിൽ 2023 ജൂലായിൽ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതായിരുന്നു. ഇതിനുള്ള നടപടികളെടുക്കാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പുതിയ കമ്മിഷണറെ നിയമിക്കാനുള്ള നടപടികൾ തുടരുകയാണ് വകുപ്പ്.
ഇതിനെതിരേ കമ്മിഷണർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സാമൂഹികനീതിവകുപ്പ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ലൈംഗികാരോപണം ഉൾപ്പെടുത്തിയത്.
സാമൂഹികനീതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഈ കേസിൽ രണ്ടാം എതിർകക്ഷിയാണ്. ചികിത്സയിലായിരുന്ന കമ്മിഷണറെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യിക്കാനും ശ്രമം നടത്തി.
അനധികൃതമായി നിയമനം നേടിയ ഭിന്നശേഷിക്കാരിയായ ആയുർവേദവകുപ്പ് ജീവനക്കാരിയെയും കമ്മിഷണറേറ്റിലെ ജീവനക്കാരിയെയും കമ്മിഷണറുടെ ഇടപെടൽമൂലം പുറത്താക്കിയിരുന്നു. ഇവർ നൽകിയ പരാതികളിലാണ് നിയമപരമായി നിലനിൽക്കാത്ത ലൈംഗികാരോപണംകൂടി ഉൾപ്പെടുത്തിയത്.
പരാതിക്കാർ കമ്മിഷണർക്കെതിരേ ഇത്തരമൊരു ആരോപണം ഉന്നയിക്കുകയോ മൊഴിനൽകുകയോ ചെയ്തിട്ടില്ല.
ഇതിനെതിരേ, സാമൂഹികനീതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അണ്ടർ സെക്രട്ടറി, സെക്ഷൻ ഓഫീസർ എന്നിവരിൽനിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കമ്മിഷണർ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.