ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷാ മൂല്യനിർണയം: മന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കും പ്രത്യേക പരീക്ഷ മൂല്യനിർണയം നടപ്പാക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അടുത്ത അക്കാദമിക് വർഷംമുതൽ ഇത് ഘട്ടംഘട്ടമായി നടപ്പാക്കും.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്‌ കഴിവും പ്രാവീണ്യവും ഫലപ്രദമായി പ്രകടിപ്പിക്കാൻ കഴിയുംവിധം ഘടനാപരമായ തടസ്സം നീക്കുകയാണ്‌ ലക്ഷ്യമെന്നും ഇതാണ്‌ റിയൽ കേരള സ്‌റ്റോറിയെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗത പരീക്ഷാരീതികൾ ഭിന്നശേഷി വിദ്യാർഥികളുടെ ശാരീരിക പരിമിതികളെയാണ് പരീക്ഷിക്കുന്നതെന്ന തിരിച്ചറിവിലാണ് പുതിയ പരിഷ്കാരം. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നിർവഹണ സെൽ തയ്യാറാക്കിയ മാതൃകാ മാർഗരേഖ ഉടൻ സർവകലാശാലകൾക്ക് കൈമാറും. യുജിസി മാർഗനിർദേശംകൂടി പരിഗണിച്ചാകും സർവകലാശാലകൾ അന്തിമ ചട്ടക്കൂട് രൂപീകരിക്കുക.

കാഴ്ച-, ശ്രവണ പരിമിതിയുള്ളവർ, എഡിഎച്ച്ഡി, ഓട്ടിസം, പഠനവൈകല്യമുള്ളവർ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് പുതിയ പദ്ധതി. അസൈൻമെന്റുകൾക്ക് പകരം ഓഡിയോ സബ്മിഷൻ, വീഡിയോ പ്രസന്റേഷൻ, റെക്കോർഡ് ചെയ്ത സംസാരരൂപത്തിലുള്ള വിശദീകരണം എന്നിവ അനുവദിക്കും.

എഴുതാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡിജിറ്റൽ റൈറ്റിങ്‌ ബോർഡുകൾ, സ്ക്രീൻ റെക്കോർഡിങ്‌ വഴി സമവാക്യങ്ങൾ പരിഹരിക്കുന്ന രീതി എന്നിവ ഉപയോഗിക്കാം.

ശ്രവണ പരിമിതിയുള്ളവർക്ക് സബ്ടൈറ്റിലുകളോട് കൂടിയ ഇൻസ്ട്രക്ഷണൽ വീഡിയോകൾ, വിഷ്വൽ മോഡ്യൂളുകൾ എന്നിവ വഴി പ്രസന്റേഷൻ നടത്താം. സെമസ്റ്റർ പരീക്ഷകൾക്ക് അധിക സമയം, സഹായക ഉപകരണങ്ങളുടെ ഉപയോഗം, സ്ക്രൈബുകളുടെ സേവനം, ബദൽ ചോദ്യ മാതൃകകൾ എന്നിവയും ഉറപ്പാക്കും.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button