ഭിന്നശേഷിക്കാരെ ചേർത്തുനിർത്തിയുള്ള പഠനരീതിയുമായി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്‌: കോവിഡ്‌ കാലത്ത്‌ പഠനം ഡിജിറ്റലിലേക്ക്‌ മാറിയപ്പോൾ പ്രതിസന്ധിയിലായ കൂട്ടരാണ് ഒരുപാട്‌ പിന്തുണ നൽകേണ്ട ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾ.

പഠന-പഠനേതര പ്രവർത്തനങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെയും ചേർത്തുനിർത്തിയുള്ള പഠനരീതിയുമായി എത്തുകയാണ്‌ വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കോഴിക്കോടും.

പ്രത്യേകമായി തയ്യാറാക്കിയ ഓഡിയോ-വീഡിയോ പാഠഭാഗങ്ങളാണ്‌ ഇവർക്കായി ഒരുങ്ങുന്നത്‌. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ തുടങ്ങുന്ന ജൂൺ 13 മുതൽ എസ്‌എസ്‌കെയുടെ വെബ്‌സൈറ്റ്‌ വഴി ഇത്‌ ലഭ്യമാകും.

കാഴ്‌ച-കേൾവി വെല്ലുവിളി നേരിടുന്നവർ, ബുദ്ധിപരമായ വെല്ലുവിളിയുള്ളവർ, ഓട്ടിസം ബാധിച്ചവർ തുടങ്ങിയവർക്കായി പാഠഭാഗങ്ങൾ ഓഡിയോ-വീഡിയോ രൂപത്തിൽ നൽകും.

കാഴ്‌ച പരിമിതി നേരിടുന്നവർക്ക്‌ ശബ്ദ പാഠങ്ങളു(ടോക്കിങ്‌ ടെക്‌സ്‌റ്റ്‌)മുണ്ട്‌. മികച്ച ശബ്ദവിന്യാസത്തിൽ, ആകർഷകമായ സംഗീതം നൽകിയാണ്‌ ഇവ ഒരുക്കുന്നത്‌. കേട്ടു മാത്രം പഠിക്കാൻ കഴിയുന്നവർക്കും ഉപകാരപ്രദമാകുമിത്‌.

ഹലോ കോഴിക്കോട്‌

ഭിന്നശേഷി വിദ്യാർഥികൾക്കുള്ള വിവിധ തെറാപ്പികൾ മുടങ്ങാതിരിക്കാൻ ‘ഹലോ കോഴിക്കോട്‌’ പദ്ധതിയും എസ്‌എസ്‌കെ നടപ്പാക്കുന്നു. കഴിഞ്ഞ ലോക്‌ഡൗൺ കാലങ്ങളിൽ ഫിസിയോതെറാപ്പി, സ്‌പീച്ച്‌ തെറാപ്പി, ഒക്ക്യുപ്പേഷണൽ തെറാപ്പി എന്നിവ മുടങ്ങിയതിനാൽ ദുരിതത്തിലായിരുന്നു ഇവർ.

ഇതിന്‌ പരിഹാരം കാണാനാണ്‌ വിവിധ കൗൺസലർമാരുടെ സഹായത്തോടെ ദിവസവും രണ്ടുമണിക്കൂർ ടെലി തെറാപ്പി ചികിത്സ നൽകുന്നത്‌. കലിക്കറ്റ്‌ സർവകലാശാല സൈക്കോളജി വിഭാഗത്തിലെ അസോ. പ്രൊഫ. ഡോ. രജനിയാണ്‌ നേതൃത്വം. രക്ഷിതാക്കളുടെ സഹായത്തോടെയാണ്‌ വിദ്യാർഥികൾക്ക്‌ തെറാപ്പി നൽകുന്നത്‌.

സഹായമേകാൻ ഹെൽപ് ഡെസ്‌കും

സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ എസ്‌എസ്‌കെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഹെൽപ്പ്‌ ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്‌. ഇത്തരം വിദ്യാർഥികളുടെ പഠനം, പരിശീലനം, ചികിത്സ, വാക്‌സിനേഷൻ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കും.

മെഡിക്കൽ ക്യാമ്പ്‌ ഉടൻ

മുഴുവൻ ഭിന്നശേഷി വിദ്യാർഥികൾക്കുമുള്ള മെഡിക്കൽ ക്യാമ്പ്‌ ലോക്‌ഡൗൺ കഴിഞ്ഞയുടൻ ആരംഭിക്കുമെന്ന്‌ എസ്‌എസ്‌കെ ജില്ലാ പ്രോജക്ട്‌ കോ-ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം പറഞ്ഞു. ക്യാമ്പിൽ ആവശ്യമായ ഉപകരണങ്ങളും വിതരണം ചെയ്യും.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button