ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വെട്ടിക്കുറച്ച് സർക്കാർ

കോവിഡിന്റെ പേരിൽ 12,000 രൂപ യാത്രാബത്ത വെട്ടികുറച്ചു

ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തുക കോവിഡിന്റെ പേരു പറഞ്ഞ് സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ഈ കുട്ടികൾക്കു സ്കൂളുകളിലേക്കു പോകാൻ യാത്രാബത്ത എന്ന നിലയിൽ അനുവദിച്ചിരുന്ന 12,000 രൂപ നൽകേണ്ടെന്നാണു തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നിർദേശം.

അതോടെ വാർഷിക സ്കോളർഷിപ് തുക 28,500 രൂപയിൽ നിന്ന് 16,500 ആകും. യൂണിഫോം അലവൻസായ 1500 രൂപയും ഈ നിർദേശത്തിന്റെ മറവിൽ വെട്ടിക്കുറയ്ക്കാൻ നീക്കമുണ്ട്.

ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവയുള്ള വിദ്യാർഥികൾക്കു തദ്ദേശ സ്ഥാപനങ്ങൾ വഴിയാണു സ്കോളർഷിപ് നൽകുന്നത്. മാസം 1000 രൂപയാണു യാത്രാബത്ത.

കോവിഡിനെത്തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ ഈ തുക നൽകേണ്ടെന്നാണു വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.

സ്കോളർഷിപ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കു സർക്കാർ തുക അനുവദിച്ച ശേഷമാണു വെട്ടിക്കുറയ്ക്കാൻ നിർദേശിച്ചത്. സ്കൂളുകൾ അടച്ചിട്ടതോടെ പല രക്ഷിതാക്കളും ജോലിക്കു പോകാതെ കുട്ടികളെ പരിചരിക്കാൻ വീട്ടിലിരിക്കുകയാണ്.

കുട്ടികളുടെ ഓൺലൈൻ പഠനത്തിന് ഉൾപ്പെടെ അധികച്ചെലവുണ്ടായ കാര്യമെങ്കിലും സർക്കാർ പരിഗണിക്കണമെന്ന് അവർ അഭ്യർഥിക്കുന്നു.

‘ആശ്വാസ കിരണ’വും ഇല്ല

ഭിന്നശേഷി വിദ്യാർഥികളെ പരിചരിക്കുന്നവർക്കു പ്രതിമാസം 600 രൂപ നൽകിയിരുന്ന സാമൂഹിക നീതി വകുപ്പിന്റെ ‘ആശ്വാസ കിരണം’ പദ്ധതി മുടങ്ങിയിട്ടു 2 വർഷമാകുന്നു.

2018 ഏപ്രിൽ മുതലുള്ള അപേക്ഷകൾ പരിഗണിച്ചിട്ടില്ല. നിലവിൽ പദ്ധതിയിൽ ഉള്ളവർക്കു 2019 മേയ് മുതലുള്ള ആനുകൂല്യം മുടങ്ങിയിരിക്കുകയുമാണ്.

കടപ്പാട്: മലയാള മനോരമ

Exit mobile version