ഭിന്നശേഷിക്കാരായ സൂപ്പർന്യൂമററി ജീവനക്കാർക്ക് സീനിയോറിറ്റി, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അഞ്ചുമാസം കഴിഞ്ഞിട്ടും നടപ്പാക്കാതെ സർക്കാർ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്‌കാലികമായി ജോലിചെയ്തിരുന്ന ഭിന്നശേഷിക്കാരായ 2677 ജീവനക്കാർക്കാണ് 2013 ൽ യുഡിഎഫ് സർക്കാർ സൂപ്പർന്യൂമററി തസ്തിക (താത്‌കാലികമായി സർക്കാർ സൃഷ്‌ടിക്കുന്ന തസ്‌തിക) സൃഷ്‌ടിച്ച് സ്ഥിരനിയമനം നൽകിയത്.
അന്ന് ആനുകൂല്യങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങളുണ്ടായില്ല. പിന്നീട് 2016 ൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിനും സീനിയോറിറ്റിക്കും സ്ഥാനക്കയറ്റത്തിനും അർഹതയില്ലെന്ന് സർക്കാർ ഉത്തരവിറക്കി. ഇതിനെതിരേ ജീവനക്കാർ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചു. ആനുകൂല്യങ്ങൾ അനുവദിക്കാനായിരുന്നു രണ്ടിടത്തും വിധി.
ഇതിനെതിരേ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബഞ്ച് സർക്കാരിന്റെ വാദം അംഗീകരിച്ചു. അതിനെതിരേയാണ് ജീവനക്കാർ 2021 ൽ സുപ്രീംകോടതിയെ സമീപിച്ചതും 2025 മേയിൽ അനുകൂലവിധി നേടിയതും.
300 ഓളം ഓഫീസുകളിലാണ് ഈ ജീവനക്കാർക്ക് നിയമനം നൽകിയിരുന്നത്. ഇവരിൽ 30 ശതമാനത്തിലധികം പേർ ഇതിനകം വിരമിച്ചു. സർവീസിൽ ഉൾപ്പെടുത്തുന്നതിനും സ്ഥാനക്കയറ്റത്തിനുമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യനീതി ഡയറക്‌ടർ കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. മുഖ്യമന്ത്രിക്കും സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും നിവേദനംനൽകി കാത്തിരിക്കുകയാണ് ജീവനക്കാർ.
ഭിന്നശേഷി ജീവനക്കാർക്ക് ആനുകൂല്യം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ സർക്കാർ
