നേരത്തേയുള്ള നിയമനങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ഭിന്നശേഷി ഉദ്യോഗാർഥികളുടെ നിയമനം തടഞ്ഞുവെക്കരുതെന്ന് നിർദേശം.
സീനിയർ അധ്യാപക, അനധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാതെ തുടരുന്നു എന്ന കാരണത്താൽ അതേ സ്കൂളിൽ പിന്നീട് ഭിന്നശേഷി സംവരണപ്രകാരം നിയമിച്ച ഉദ്യോഗാർഥികളുടെ നിയമനങ്ങളും അംഗീകരിക്കാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.
ഭിന്നശേഷി ഉദ്യോഗാർഥികളെ നിയമിച്ചിട്ടുള്ളത് ക്രമപ്രകാരമാണെന്നും അവർക്ക് നിർദിഷ്ട യോഗ്യതയുണ്ടെന്നും ബോധ്യപ്പെടുന്നപക്ഷം ഈ നിയമനങ്ങൾക്ക് അപ്പലേറ്റ് ഉത്തരവില്ലാതെതന്നെ അംഗീകാരം നൽകേണ്ടതാണ്.
2001 നവംബർ എട്ടിനുമുൻപുണ്ടായ ഒഴിവുകളിൽ ഈ തീയതിക്കുശേഷം നടത്തിയ നിയമനങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് പലയിടത്തും അംഗീകാരം നൽകിയിട്ടുള്ളത്. അവിടെ ശമ്പള സ്കെയിലിൽ നിയമനാംഗീകാരം നൽകി പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികളെ നിയമിക്കുമ്പോൾ പുറത്തുപോകുന്നവരെ അതേ മാനേജ്മെന്റിനു കീഴിലുള്ള മറ്റു സ്കൂളുകളിലേക്ക് മാറ്റി നിയമിക്കണം.
എയ്‌ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച് 2022 ജൂൺ 25-നാണ് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ആ ഉത്തരവ് തീയതിവരെ ഭിന്നശേഷിക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ, ആ നിയമനങ്ങൾ ബാക്ക് ലോഗിൽ കുറവ് വരുത്താവുന്നതാണെന്നും അതിനുശേഷം ഭിന്നശേഷി നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്നുമാണ് സർക്കാർ നിർദേശിച്ചത്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് വിശദമായ മാർഗനിർദേശം 2022 നവംബർ 23-ന് പുറപ്പെടുവിച്ചു.
ഇതിനുമുൻപായി ചില മാനേജർമാർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരെ നേരിട്ട് നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങൾക്ക് അംഗീകാരം നൽകിയിട്ടില്ല.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ തീയതിയിലോ, അതിനുമുൻപോ ഏതെങ്കിലും എയ്ഡഡ് സ്കൂളിൽ എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ ഭിന്നശേഷിയുള്ളവരുടെ നിയമനം മാനേജർമാർ നേരിട്ട് നടത്തിയിട്ടുണ്ടെങ്കിൽ, ഈ നിയമനങ്ങൾ ഭിന്നശേഷി സംവരണ നിയമനത്തിന്റെ പരിധിയിൽപ്പെടുത്തി അംഗീകരിക്കാവുന്നതാണെന്ന് സർക്കാർ വ്യക്തതവരുത്തിയിട്ടുണ്ട്.
ഈ തീയതിക്കുശേഷം എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങൾ മാത്രം അംഗീകരിച്ചാൽ മതി. എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചിൽനിന്നു യോഗ്യതയുള്ളവരില്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നപക്ഷംമാത്രം പത്രപ്പരസ്യം നൽകി നേരിട്ടു നിയമനം നൽകാം.