എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി കെ കെ ശൈലജ

എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ഭിന്നശേഷി മേഖലയില്‍ അഭിമാനകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാറിന്‌ സാധിച്ചു.

കഴിഞ്ഞ 40 വര്‍ഷക്കാലം കൊണ്ട് സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന് കുറേ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഈ മേഖലയില്‍ കുതിച്ചുചാട്ടമാണുണ്ടായത്. 

ഇനിയും മുന്നോട്ട് പോകാനുണ്ട്. ഭിന്നശേഷിക്കാരുടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ 40‐ാം വാര്‍ഷികാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി വലിയ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ സഹായമെത്തിയ്ക്കുക എന്ന ലക്ഷ്യവുമായാണ് അനുയാത്ര പദ്ധതി ആവിഷ്‌ക്കരിച്ചത്.

ജന്മനായുള്ള വൈകല്യം കണ്ടെത്തി മതിയായ ചികിത്സ നല്‍കുക മുതല്‍ അവര്‍ക്ക് സഹായ ഉപകരണങ്ങളും ജീവതോപാധികളും നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതുവരെയുള്ള വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. 

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വലിയ പ്രവര്‍ത്തനമാണ് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ നടത്തുന്നത്.

ഇത് മുന്‍നിര്‍ത്തിയാണ് ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയ്ക്കുള്ള ദേശീയ പുരസ്‌കാരം കോര്‍പറേഷന് ലഭിച്ചത്.

ഭിന്നശേഷിക്കാരുടെ വായ്പാ ധനസഹായം കൂട്ടുകയും മരിച്ചവരുടെ വായ്പ എഴുതിത്തള്ളുകയും ചെയ്തു.

സ്വയംതൊഴില്‍ വായ്പ, സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം, ഉപരിപഠനത്തിനുള്ള പദ്ധതി, ശുഭയാത്ര എന്നിങ്ങനെ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

ഭിന്നശേഷിക്കാരുടെ സംവരണം 4 ശതമാനമാക്കി അടുത്തിടെ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ട്രൈ സ്‌കൂട്ടറുകളുടെ വിതരണ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജയും, ശ്രവണ സഹായിയുടെ വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രനും, “ഹസ്തദാനം’ പദ്ധതി ഡോ. ജി ഹരികുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. 

കോര്‍പ്പറേഷന്റെ വിവിധങ്ങളായ പദ്ധതികള്‍ സംബന്ധിച്ച്  പ്രതിപാദിക്കുന്ന ലഘുലേഖയുടെ പ്രകാശനം പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ നിര്‍വഹിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button