കുറ്റിച്ചൽ: കതിരു കതിരു കതിരു കൊണ്ടുവായോ, കറ്റകെട്ടി കൊയ്തുകൂട്ടി വായോ… കൊയ്ത്തുപാട്ടിനൊപ്പം ഭിന്നശേഷി കുട്ടികൾ ചുവടുവച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒപ്പം കൂടി.
നിറഞ്ഞ കൈയടിയോടെ സദസ് പ്രോത്സാഹിപ്പിച്ചു.കുറ്റിച്ചലിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള എസ്.ജി സ്പെഷ്യൽ സ്കൂളിൽ എത്തിയതായിരുന്നു ഗവർണർ.
നേരത്തെ ഈ സ്കൂളിലെ വിദ്യാർത്ഥികൾ രാജ്ഭവൻ സന്ദർശിച്ചിരുന്നു. സ്കൂളിൽ വരുമെന്ന് ഗവർണർ അന്ന് അവർക്ക് ഉറപ്പുനൽകിയിരുന്നു. രാവിലെ 11.45നാണ് ഗവർണർ സ്കൂളിലെത്തിയത്.
കുട്ടികൾക്കായി പൂവും മിഠായിയും കേക്കും കരുതിയിരുന്നു. വിദ്യാർത്ഥികളുടെ വായിലേക്ക് അദ്ദേഹം കേക്ക് വച്ചുനൽകി. വിദ്യാർത്ഥികൾ തിരികെയും നൽകി.
ഓരോ കുട്ടിയുടെയും അടുത്തെത്തി സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഭിന്നശേഷി കുട്ടികളെ സഹായിക്കുന്നവരെ ദൈവം കൈവിടില്ലെന്ന് ഗവർണർ പറഞ്ഞു.
കലാപരിപാടികൾ തുടങ്ങിയപ്പോഴാണ് സദസിലിരുന്ന ഗവർണർ ആവേശഭരിതനായി വേദിയിലേക്ക് കയറി വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചവിട്ടിയത്.
ജി.സ്റ്റീഫൻ എംഎൽഎ, സ്കൂൾ മാനേജർ ചന്ദ്രൻ, പ്രിൻസിപ്പൽ തങ്കമണി തുടങ്ങിയവർ സംസാരിച്ചു. സ്കൂളിന്റെ ഉപഹാരം മാനേജർ ഗവർണർക്ക് നൽകി.
മുത്തൂറ്റ് ഗ്രൂപ്പ് അംഗങ്ങളും തിരുവനന്തപുരം ഇന്നർവീൽ ക്ലബ് അംഗങ്ങളും ട്രിനിറ്റി കോളേജ് അധികൃതരും ചടങ്ങിൽ പങ്കെടുത്തു.