റെയിൽവേ സ്റ്റേഷൻ ഭിന്നശേഷി സൗഹൃദം; കരടുചട്ടങ്ങൾ പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകള്‍ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട കരടുചട്ടങ്ങള്‍ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം പുറത്തിറക്കി.

സ്റ്റേഷനുകളിലും തീവണ്ടികളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ റെയില്‍വേയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കണം, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആവശ്യപ്പെടുന്ന ക്യാപ്ച കോഡ് ശബ്ദരൂപത്തില്‍ ലഭ്യമാക്കണം തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളാണ് മന്ത്രാലയത്തിനു കീഴിലുള്ള ഭിന്നശേഷി ശാക്തീകരണ വകുപ്പ് ഇറക്കിയ കരടുചട്ടങ്ങളിലുള്ളത്.

റെയില്‍ മദദ് പോര്‍ട്ടലിലേക്കുള്ള ലിങ്കുകള്‍ റെയില്‍വേയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണം. തീവണ്ടി അറിയിപ്പുകളില്‍ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിലും ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക സൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കണം.

പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ആംഗ്യഭാഷയിലും അറിയിപ്പു നല്‍കണം. ഭിന്നശേഷിക്കാര്‍ക്കായുള്ള കോച്ചുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ നിശ്ചിത ഇടവേളകളില്‍ നല്‍കണം. വീല്‍ച്ചെയർ പോലെയുള്ള സൗകര്യങ്ങള്‍ എവിടെയെന്ന് കണ്ടെത്താൻ അടയാള ബോര്‍ഡുണ്ടാകണം. രാത്രിയിലും ഇത്തരം ബോര്‍ഡുകള്‍ കാണാനാകണം.

എല്ലാ സ്റ്റേഷനുകളിലും ബ്രെയിലി സൈന്‍ ബോര്‍ഡുകൾ വെക്കണം. സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാൻ പ്രത്യേകം റാംപും വശങ്ങളില്‍ ഹാന്‍ഡ് റെയിലും സ്ഥാപിക്കണം. റാംപുകളില്‍ സ്പര്‍ശന സഹായിയും സ്ഥാപിക്കണം.

തിരക്കേറിയ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് രണ്ട് പാര്‍ക്കിങ് ലോട്ടുകൾ വേണം. ഇവിടെ നിന്ന് സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശിക്കാനാകണം. ടിക്കറ്റ് കൗണ്ടറുകളുടെ ഉയരം ക്രമീകരിക്കണം.

ലിഫ്റ്റുകള്‍, സബ്‌വേകള്‍, ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍, ശൗചാലയങ്ങൾ, ജല ബൂത്തുകള്‍ തുടങ്ങിയവയും ഭിന്നശേഷി സൗഹൃദമാക്കണം.

കരട് മാര്‍ഗരേഖയില്‍ പൊതുജനങ്ങള്‍ക്ക് ജനുവരി 29 വരെ അഭിപ്രായമറിയിക്കാം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button