വികലാംഗക്ഷേമ കോർപ്പറേഷന് പുതിയ പേര്; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ നടപടികളിൽ സുപ്രധാനമായ ഒരു ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ‘കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ പേര് ‘കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്തു.

ഇത് സംബന്ധിച്ച് സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി. ‘വികലാംഗർ’ എന്ന പദത്തിന് പകരം കൂടുതൽ ആദരപൂർണ്ണമായ ‘ഭിന്നശേഷിക്കാർ’ എന്ന പദം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

നിയമസഭയിൽ മേശപ്പുറത്തുവെച്ച കടലാസുകൾ പരിശോധിക്കുന്ന സമിതിയുടെ (2021-2023) റിപ്പോർട്ടിലാണ് കോർപ്പറേഷന്റെ പേര് മാറ്റണമെന്ന് ശുപാർശ ചെയ്തിരുന്നത്. ‘വികലാംഗർ’ എന്ന പദം നിലവിൽ ‘ഭിന്നശേഷിക്കാർ’ എന്ന് മാറ്റിയതുപോലെ, കോർപ്പറേഷന്റെ പേരും മാറ്റണമെന്നായിരുന്നു സമിതിയുടെ നിർദ്ദേശം. ഈ ശുപാർശയുടെയും, കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ്, സ്ഥാപനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ മലയാളത്തിൽ ഉപയോഗിക്കുന്നതിനായി “കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്” എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് 2025 ജൂലൈ 18-ന് ഉത്തരവ് (സ.ഉ.(സാധാ) നം.193/2025/SJD) പുറപ്പെടുവിച്ചത്.

Exit mobile version