മൂന്നാം നിലയിലെ ലോട്ടറി ഓഫിസിലേക്ക് പടികളിലൂടെ ഇഴഞ്ഞു കയറുന്ന കാലുകൾ തളർന്ന ലോട്ടറി ഏജന്റ്, നാലാം നിലയിലെ താലൂക്ക് ഓഫിസിലേക്ക് വടികുത്തിപ്പോകുന്ന പോളിയോ ബാധിതൻ, ഓഫിസിലെ ശുചിമുറിയിൽ വഴുതുവീണു പരുക്കേറ്റ അന്ധനായ ജീവനക്കാരൻ… നിയമങ്ങൾ പലതും ഉണ്ടെങ്കിലും നമ്മുടെ പൊതു ഇടങ്ങൾ ഇപ്പോഴും ഭിന്നശേഷി സൗഹൃദമല്ല. അതിന്റെ ദുരിതവും വേദനയും അനുഭവിക്കുകയാണ് വിവിധതരത്തിലുള്ള ശാരീരിക വൈകല്യം അനുഭവിക്കുന്നവർ.
പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന പല ഉത്തരവുകളും നിലനിൽക്കുമ്പോഴാണ് ഈ കഷ്ടപ്പാട് തുടരുന്നത്. ഇത്തരം പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിന് ഭിന്നശേഷിക്കാരെ സഹായിക്കാൻ നാടിന് ഒരുമിക്കാം
കലക്‌ടർക്ക് അപേക്ഷ നൽകാം
പൊതുഇടങ്ങൾ, സർക്കാർ ഓഫിസുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ബാരിയർ ഫ്രീ കേരള എന്ന പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. കലക്ടറാണ് ജില്ലാതലത്തിൽ ഇതിന്റെ അധ്യക്ഷൻ. സാമൂഹിക നീതി ഓഫിസറാണ് കൺവീനർ. ഭിന്നശേഷി സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ട ആപേക്ഷകളും പരാതികളും ഈ സമിതിയാണ് പരിഗണിക്കുക. ഈ സമിതിയുടെ ശുപാർശ അനുസരിച്ച് പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള ഫണ്ട് സാമൂഹിക നീതി വകുപ്പിന് കൈമാറും. ഇവർ പൊതുമരാമത്ത് വകുപ്പ് വഴിയാണ് ഈ ഫണ്ട് ചെലവാക്കുക. ഈ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് വിവിധ ഓഫിസുകളിൽ റാപു നിർമാണം, ലിഫ്റ്റുകൾ നിർമിക്കൽ, സൗഹൃദ ശുചിമുറികൾ സ്ഥാപിക്കൽ എന്നിവ നടപ്പാക്കുന്നത്.
പുതുതായി നിർമിക്കുന്ന പൊതു കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള വഴികൾ സ്കെച്ചിൽ ഉൾപ്പെടുത്തിയാൽ മാത്രമേ നിർമാണ അനുമതി നൽകാവൂ എന്ന് തദ്ദേശസ്ഥാപനങ്ങൾക്കും മരാമത്ത് വകുപ്പിനും സർക്കാരിന്റെ നിർദേശം നൽകിയിട്ടുണ്ട്.
പൊതു കെട്ടിടങ്ങൾ, സ്കൂൾ, ഹോട്ടൽ, മാൾ, ഓഡിറ്റോറിയങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ, ബസ് സ്റ്റേഷൻ, പൊതു ശുചിമുറികൾ, ടിക്കറ്റ് കൗണ്ടർ തുടങ്ങിയവയ്ക്കെല്ലാം നിബന്ധന ബാധകമാണ്. 2016ലെ ഭിന്നശേഷി നിയമത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നില്ലെന്ന പരാതികളെത്തുടർന്നാണ് ഭിന്നശേഷിക്കാർക്കുള്ള കമ്മിഷണർ പ്രത്യേക ഉത്തരവിറക്കിയത്.
ടൂറിസം കേന്ദ്രങ്ങളും ബാരിയർ ഫ്രീ
വിനോദവും വിസ്മയവും എല്ലാവർക്കും ആസ്വദിക്കാനുള്ളതാണ്. അതിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കിവരുന്നു. ഭിന്നശേഷിക്കാർക്കു മാത്രമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ടൂർ പാക്കേജുകൾ തുടങ്ങാനും ടൂറിസം വകുപ്പ് പദ്ധതി ആലോചിച്ചിരുന്നു.
വിദ്യാലയങ്ങളും സൗഹൃദമാകട്ടെ
സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണമായും ഭിന്നശേഷിസൗഹൃദമാക്കാനുള്ള പദ്ധതി സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ തയാറാക്കുന്നുണ്ട്. വിദ്യാലയത്തിന്റെ ഗേറ്റ് മുതൽ ശുചിമുറി വരെ എല്ലാ സൗകര്യങ്ങളും ഭിന്നശേഷി വിദ്യാർഥികൾക്കുകൂടി ഉപയോഗപ്രദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എങ്ങനെയൊക്കെയാകാം ഭിന്നശേഷി സൗഹൃദം?
- പടികൾ ഉണ്ടെങ്കിലും സ്റ്റെപ്പുകൾ കയറാൻ റാംപുകൾ
- കൂടുതൽ നിലകളുളള കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കൽ
- ഭിന്നശേഷി സൗഹൃദ ശുചിമുറികൾ
- ആവശ്യപ്പെട്ടാൽ ലഭ്യമാക്കുന്ന വീൽചെയറുകൾ, വാക്കിങ് സ്റ്റിക്കുകൾ, ക്രച്ചസുകൾ
- വീൽചയെറുകളും മറ്റും ഉപയോഗിക്കുന്നവർക്ക് ഓഫിസുകളിലെയും പൊതുഇടങ്ങളിലെയും വിവിധ സ്ഥലങ്ങളിലേക്ക് തടസമില്ലാതെ പോകാനുള്ള സൗകര്യം
- വെറ്റ് കെയിൻ ഉപയോഗിച്ചു സഞ്ചരിക്കുന്നവർക്ക് സഹായകരമായ രീതിയിലുള്ള തറകൾ ഒരുക്കൽ
- സ്കൂളുകളിൽ ബ്രെയ്‌ലി സെൻസർ ബോർഡുകൾ
- സ്കൂളുകളിൽ ഓഡിയോ ബുക്കുകളും വിഡിയോ പഠന സഹായികളും ലഭ്യമാക്കൽ
- ഭിന്നശേഷി സൗഹൃദ ദിശാ സൂചകങ്ങൾ