‘ബാരിയര്‍ ഫ്രീ സിവില്‍ സ്റ്റേഷന്‍’ ലിഫ്റ്റിന്റെ ഉദ്ഘാടനം മന്ത്രി ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

കോഴിക്കോട്: ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി വിവിധ പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നതെന്ന് സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു.

സിവില്‍ സ്റ്റേഷന്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ‘ബാരിയര്‍ ഫ്രീ സിവില്‍ സ്റ്റേഷന്‍’ലിഫ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും തുടങ്ങി ജനങ്ങള്‍ക്ക് പ്രാപ്യമാവേണ്ടുന്നതും നിത്യവും ബന്ധപ്പെടേണ്ടുന്നതുമായ ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും.

സമൂഹത്തില്‍ ഏറെ പരിഗണന നല്‍കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാരെന്നും അവരുടെ മുന്നേറ്റത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ട് വിവിധ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവ പുത്തന്‍ സാങ്കേതികവിദ്യയും ശാസ്ത്രീയതയും ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരുടെ പുനരധിവാസ പദ്ധതികളും ഉന്നമനപ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. ഇവ എല്ലാ ഭിന്നശേഷിക്കാര്‍ക്കും ലഭ്യമാകണം.

ഭിന്നശേഷിക്കാരുടെ ക്ഷേമം സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും അത്തരം പരിഗണന നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായുള്ള ‘പാരന്റ് എംപവര്‍മെന്റ് പ്രോഗ്രാം’വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് തടസ്സരഹിത സഞ്ചാരസൗകര്യവും ഭൗതിക സാഹചര്യവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ബാരിയര്‍ ഫ്രീ കേരള’.

ഇതിന്റെ ഭാഗമായാണ് സിവില്‍ സ്റ്റേഷനില്‍’ ഇ ബ്ലോക്കില്‍ പാസഞ്ചര്‍ ലിഫ്റ്റ് നിര്‍മ്മിച്ചത്.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍ എം.എന്‍ പ്രവീണ്‍, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, എ.ഡി.എം മുഹമ്മദ് റഫീഖ്.സി, കെ.എസ്.എസ്.എം റീജിയണല്‍ ഡയറക്ടര്‍ പി.സി സൗമ്യ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. ഉബൈബ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഇലക്ട്രിക്കല്‍ ലേഖ പത്മന്‍ പി.വി തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version