തിരുവനന്തപുരം: കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ഉപകരണങ്ങളുടെ മെയിന്റനന്‍സ് പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് പദ്ധതി പ്രകാരമുള്ള മെയിന്റനന്‍സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കൂടുതല്‍ കുട്ടികള്‍ക്ക് ശ്രുതിതരംഗം പദ്ധതി പ്രയോജനപ്പെടുത്താനായെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
5 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്തു നല്‍കുന്നതിനായി കേരള സാമൂഹ്യസുരക്ഷാ മിഷന്‍ വഴി നടത്തിവരുന്ന ശ്രുതിതരംഗം പദ്ധതിയോടനുബന്ധിച്ചുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ഉപകരണങ്ങളുടെ മെയിന്റനന്‍സ് പദ്ധതിക്കാണ് തുടക്കമായത്. കേള്‍വിയില്ലായ്മ നേരത്തെ കണ്ടെത്തിയാല്‍ ഉപകരണങ്ങളുടെ സഹായത്തോടെ പരിഹരിക്കാനാകും.
കെഎസ്എസ്എമ്മിന്റെ നേതൃത്വത്തില്‍ ജനിച്ചയുടന്‍ കേള്‍വി പരിശോധിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യുന്ന ‘കാതോരം’, 25 വയസുവരെയുള്ളവര്‍ക്ക് സ്പീച്ച് പ്രൊസസര്‍ നല്‍കുന്ന, ‘ധ്വനി’ എന്നീ രണ്ട് പദ്ധതികളുംകൂടി ആരംഭിക്കാനും നന്നായി മുന്നോട്ടു കൊണ്ടുപോകാനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശ്രുതിതരംഗം പദ്ധതിയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മന്ത്രി അഭിനന്ദനമറിയിക്കുകയും ചെയ്തു.
ചെവിയിലെ കോക്ലിയയ്ക്കുള്ളില്‍ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന ഒരുഉപകരണമാണ് കോക്ലിയാര്‍ ഇംപ്ലാന്റിന് ഉപയോഗിക്കുന്നത്.
അതിന് പുറത്തുകൂടി സ്പീച്ച് പ്രൊസസറും ഉണ്ടാകും. അതുകൊണ്ടുതന്നെ ചെവിക്ക് പുറത്ത് ഘടിപ്പിക്കുന്ന ഈ പ്രൊസസറുകള്‍ക്കും ഉപകരണങ്ങള്‍ക്കും തുടര്‍ച്ചയായ ഉപയോഗത്തില്‍ കേടുപാടുണ്ടാകാറുണ്ട്.
എന്നാല്‍ അവ മാറ്റിവാങ്ങുന്നതിന് വലിയ തുക ആകുമെന്നുള്ളതുകൊണ്ടുതന്നെ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തങ്ങാവുന്നതിനുമപ്പുറമാകും ചെലവ്.
അതുകൊണ്ടുതന്നെ 25 വയസ് വരെയുള്ളവര്‍ക്ക് ഇംപ്ലാന്റുകളുടെ മെയിന്റനന്‍സ് ചെയ്തു നല്‍കുന്നതിനായാണ് സര്‍ക്കാര്‍ ഈ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. തുടര്‍ന്ന് മെയിന്റനന്‍സിനായി 184 അപേക്ഷകള്‍ കെഎസ്എസ്എമ്മിന് ലഭിച്ചതില്‍ നിന്ന് ശ്രുതിതരംഗം പദ്ധതിയുടെ സംസ്ഥാനതല ടെക്‌നിക്കല്‍ കമ്മിറ്റി 173 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തുകയും ചെയ്തു.
അതിലുള്‍പ്പെട്ട 9 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വിവിധ ആശുപത്രികളിലായി പദ്ധതി പ്രകാരം മെയിന്റനന്‍സ് നല്‍കുന്നതിന് തുടക്കമായത്. അര്‍ഹരായ മറ്റുകുട്ടികള്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അതാത് ആശുപത്രികള്‍ വഴി നല്‍കുന്നതായിരിക്കും.
കേള്‍വിയില്ലായ്മ ചെറുക്കാന്‍ ഒപ്പം നില്‍ക്കുകയെന്നതിനൊപ്പം കേരളത്തിലെ, കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്ത വ്യക്തികളെ ഒരു സാമൂഹിക സുരക്ഷാ ശൃംഖലയിലേക്ക് കൊണ്ടുവരികയെന്നതും പദ്ധതി ലക്ഷ്യംവെക്കുന്നു.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
കെഎസ്എസ്എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ ആശംസയറിയിച്ചു.
ഇഎന്‍ടി വിഭാഗം മേധാവി ഡോ. കെ.പി. സുനില്‍ കുമാര്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും മന്ത്രി കെ.കെ ശൈലജ ടീച്ചറുമായി ഓണ്‍ലൈനായി ആശയവിനിമയം നടത്തി.